തകര (പത്തില തോരൻ)
പത്തില വിഭവത്തിൽ ഒന്നായ തകരയെ കുറിച്ചാണ് ഇന്ന് വിവരിക്കുന്നത്. തിക്ത മധുര രസ പ്രധാനമായ തകര സംസ്കൃതത്തിൽ ചക്രമർദ
എന്നാണ് വിളിക്കപ്പെടുന്നത്. ഇന്ത്യയിൽ എല്ലായിടത്തും പ്രധാനമായും കേരളത്തിൽ സർവ്വ സാധാരണമായി കാണുന്ന ഒരു സസ്യമാണ് തകര. ഇതിന് വട്ടത്തകര എന്നും പേരുണ്ട്. മഴക്കാലമാണ് ഇതിന്റെ ഹരിത കാലം. മഴ നന്നായി ലഭിക്കുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത് നന്നായി വളർന്നുവരുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും, ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തകര മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കും എങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകൾ പുതുമഴയോടെ മുളക്കും . ഏകദേശം ഒരു മീറ്ററോളം ഉയരം വെയ്ക്കുന്ന ചെടിയിൽ ഇളം മഞ്ഞനിറത്തിലുള്ള പൂക്കൾ ഉണ്ടാവും. ആദ്യം മുളക്കുന്ന ഇലകൾ താരതമ്യേന ചെറുതായിരിക്കും. കൈലിട്ട് ഉരച്ചു നോക്കിയാൽ രൂക്ഷഗന്ധമാണ് ഉണ്ടാവുക.
ഔഷധഗുണം
ഒട്ടേറെ രാജ്യങ്ങളിൽ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തകര. ചൈനയിലും ആഫ്രിക്കൻ അമേരിക്കൻ രാജ്യങ്ങളിലും ത്വക്ക് രോഗത്തിന് ഇത് മരുന്നായും, മലബന്ധം നീക്കുവാനുള്ള ഔഷധമായും വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ച് വരുന്നു. വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിന്റെ വിത്ത് ഉപയോഗിക്കാറുണ്ട്. മികച്ച ഒരു ആൻറി പാരസൈറ്റിക് ആണിത് . ഇംഗ്ലീഷിൽ ഈ ചെടിക്ക് റിങ് വേം പ്ലാൻറ് എന്നാണ് പറയുന്നത്. ആന്റിഓക്സിഡൻറ് ആയും ലാക്സേറ്റിവ് ആയും വെർമി ഫ്യൂജ് ആയും ഇത് അലോപ്പതിയിൽ ഉപയോഗിക്കാറുണ്ട്.
ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ആണ് . അതുകൊണ്ടുതന്നെ വ്രണ രോപണത്തിനും, വ്രണശോധനത്തിനും അത്യുത്തമമാണിത്.
അലോ ഇമോൾഡിങ് ക്രൈസോഫനോൾ, കാഥർ ടെയ്ൻ, കാൽസ്യം ,ഇരുമ്പ് ഫോസ്ഫറസ് ,ബീറ്റ സൈറ്റോസ്റ്റിറോൾ, ടാർട്ടാറിക് ആസിഡ് എന്നിങ്ങനെ ഒട്ടേറെ രാസ സംയുക്തങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ആയുർവേദത്തിൽ ചർമ്മരോഗം, പിത്തം, കഫം, വാദം, വിഷം, കൃമി തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം എന്നിവയ്ക്ക് സമൂലം ഉപയോഗിക്കാറുണ്ട്. പാമ കുഷ്ഠം സിദ്ധ്മ കുഷ്ഠം , പുഴുക്കടി എന്നിവയ്ക്ക് തകര വിത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്. ദുർഗന്ധം വമിക്കുന്ന വ്രണങ്ങൾ ശമിപ്പിക്കാൻ തകരയില ആവണക്കെണ്ണയിൽ അരച്ചു പുരട്ടാറുണ്ട്. തലയിലെ താരനും ഇവയുടെ സ്വരസം പുരട്ടുന്നത് നല്ലതാണ്. ശ്വാസകോശ രോഗങ്ങൾക്ക് ഇതിന്റെ സ്വരസം തേനിൽ ചേർത്ത് കഴിക്കുന്നതും ഫലപ്രദമാണ്.
മലബന്ധം മൂലം ഉണ്ടാകുന്ന വയറുവേദനയ്ക്ക് ഇതിന്റെ ഇല കൊണ്ട് കഷായം വെച്ചു കുടിച്ചാൽ ശോധന നന്നാവും.
പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്.
കരളിനെയും കണ്ണിനേയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദനയും രക്താതിമർദ്ദവും വിട്ടുമാറാത്ത ചൊറി അകറ്റാനും ഇത് ഉപകരിക്കും.
തകരയുടെ ഇലകൾ മൂത്രാശയകല്ല് രക്തസ്രാവം, വായിൽ ഉണ്ടാകുന്ന ഫംഗസ് പനി ജലദോഷം തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.
ഇതിന്റെ പൂവ് കുട്ടികളിലെ ജഡരാമ്ലം അതായത് ഗ്യാസ്ട്രിക് ആസിഡ് കുറയ്ക്കുവാൻ സഹായിക്കുന്നു.
ഇതിന്റെ വേര് ആർത്തവ വേദനയ്ക്കും നല്ലതാണ്. വിത്തുകൾ മൂത്ര തടസ്സം, സന്ധിവാതം, , പ്രമേഹം ,വയറിളക്കം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
എന്നാൽ ഇവയുടെ അമിത ഉപയോഗം മസ്തിഷ്ക വീക്കത്തിന് കാരണമാവാം. അതുവഴി മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. “അധികമായാൽ അമൃതും വിഷം ” .
ഇതിന്റെ തളിരില മോരിൽ അരച്ച് പുരട്ടിയാൽ ചുണങ്ങ് മാറും.
ഭക്ഷണത്തിൽ ഉപയോഗിക്കേണ്ട വിധം:
തോരൻ ആയോ കറികളിൽ ചേർത്തോ തകര അട ചുട്ടോ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.