നിരവധി മോഷണ കേസിലെ പ്രതിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു
തൊടുപുഴയിൽ നിന്നും മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകളുമായി ഓട്ടോറിക്ഷയിലാണ് ആലപ്പുഴ ആറാട്ട് വഴി സ്വദേശിയായ പൊന്നം പുരക്കൽ ആന്റണി ജാക്സൺ കരിമ്പിലെത്തുന്നത്. കരിമ്പനിലെ റാ മൊബൈൽസ് എന്ന സ്ഥാപനത്തിൽ മൊബൈൽ ഫോണിന്റെ ലോക്ക് അഴിക്കുന്നതിനായി ഇയാൾ നൽകി . ഇയാളുടെ പെരുമാറ്റത്തിൽ കടയുടമയായ അനാസ് ഖാന് സംശയം തോന്നുകയും അതേസമയം തന്നെ ഫോണിന്റെ യഥാർത്ഥ ഉടമ ഫോണിലേക്ക് വിളിക്കുകയും ചെയ്തതോടെയാണ് ഇടുക്കി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ അനാസ് വിവരമറിയിക്കുന്നത്. പോലീസ് എത്തിയ സമയത്ത് ഇയാൾ സമീപത്തെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ നിൽക്കുകയായിരുന്നു. ഇയാളോടൊപ്പം വാഴത്തോപ്പ് സ്വദേശിയായ മറ്റൊരാൾക്കൂടി ഉണ്ടായിരുന്നു. എന്നാൽ മോഷണത്തിൽ വാഴത്തോപ്പ് സ്വദേശിക്ക് പങ്കില്ല എന്നാണ് പോലീസ് നൽകുന്ന വിവരം. മുൻ പരിചയത്തിന്റെ പേരിൽ വാഴത്തോപ്പ് സ്വദേശിയെ ഇയാൾ വീട്ടിലെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് പോലീസ് പറയുന്നത് . ഇടുക്കിയിൽ ചികിത്സയിലുള്ള തൻറെ കുഞ്ഞിനെ തൊടുപുഴയിലേക്ക് കൊണ്ടുവരാനാണ് എന്നു പറഞ്ഞാണ് ഇയാൾ ഓട്ടോറിക്ഷ വിളിക്കുന്നത്. തൊടുപുഴയിൽ തിരിച്ചെത്തിയ ശേഷം പണം നൽകാമെന്നും ഇയാൾ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ പിടികൂടുന്ന സമയത്താണ് യഥാർത്ഥ വസ്തുതകൾ ഓട്ടോറിക്ഷക്കാരനും അറിയുന്നത്. ഇതോടെ ഓട്ടോറിക്ഷ കൂലി നഷ്ടമായ ഇയാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആന്റണി ജാക്സനെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ട് . ഇടുക്കി സി ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പോലീസ് നടപടി.