പദവി ഉയർന്നു, ഇടുക്കി ജില്ല ആശുപത്രിയായി; ജീവനക്കാരുടെ അഭാവം വെല്ലുവിളി
തൊടുപുഴ: ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന തൊടുപുഴ ജില്ല ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. 2015ല്‍ തൊടുപുഴ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണ്‍ ഇനിയും ഇവിടെ ഉണ്ടായിട്ടില്ല.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര വിഭാഗത്തില്‍ നാല് മെഡിക്കല്‍ ഓഫിസര്‍മാര്‍ മാത്രമാണുള്ളത്. എട്ടു ഡോക്ടര്‍മാരെങ്കിലും ഉണ്ടെങ്കിലേ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നു ആശുപത്രി അധികൃതര്‍ പറയുന്നു.
അസി. സര്‍ജന്റെ തസ്തികയും സൃഷ്ടിച്ചിട്ടില്ല. ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമല്ല. ന്യൂറോളജിസ്റ്റ്, ഫോറൻസിക് സര്‍ജൻ എന്നിങ്ങനെ തസ്തികകളും സൃഷ്ടിച്ചിട്ടില്ല.
സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, ലാബ്-എക്സ്റേ ടെക്നീഷൻ തുടങ്ങി എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ കുറവ് പ്രശ്നമായി തുടരുകയാണ്. ജീവനക്കാരുടെ അഭാവംമൂലം എക്സ്റേ യൂനിറ്റ്, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനം രാത്രി എട്ടു വരെയാക്കി ചുരുക്കേണ്ടി വന്നു. ഇതു രോഗികളെ ഏറെ വലക്കുകയാണ്. എൻ.എച്ച്.എം, എച്ച്.എം.സി വഴി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തനങ്ങള്‍ വലിയ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് അധികൃതര്‍ പറയുന്നു.
ആവശ്യങ്ങള്‍ ഒരുപാടുണ്ട്; അധികൃതര്‍ കനിയണം
ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫയര്‍ ആൻഡ് സേഫ്റ്റിയുടെ അനുമതി കിട്ടിയിട്ടില്ല. എട്ടുനില കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലകള്‍ ഇതുമൂലം ഉപയോഗിക്കാനാവാത്ത സാഹചര്യമാണ്. ഇതിനു മുന്നിലുള്ള പഴയ ഒ.പി കെട്ടിടം പൊളിച്ചു മാറ്റുന്നതടക്കം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കെട്ടിടത്തിന് ഫയര്‍ ആൻഡ് സേഫ്റ്റിയുടെ അനുമതി ലഭിക്കൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടൻ ആരംഭിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റ് വേണ്ടിടത്ത് ഒരെണ്ണം മാത്രമാണുള്ളത്. റാമ്ബ് ഇല്ലാത്തതിനാല്‍ രോഗികളെ കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സി.ടി സ്കാൻ, മാമോഗ്രാം എന്നീ പരിശോധനകള്‍ക്കു മെഷീൻ സംവിധാനമുണ്ടെങ്കിലും റേഡിയോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പരിശോധനകള്‍ നടത്താനാകാത്ത സ്ഥിതിയാണ്. ജില്ലയില്‍ അപകടങ്ങള്‍ ഏറെയുണ്ടാകുന്ന മേഖലയാണ് തൊടുപുഴ. അപകടത്തില്‍പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കുന്ന ട്രോമാകെയര്‍ സംവിധാനം എത്രയും വേഗം പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുണ്ട്. ദിവസവും ആയിരത്തിലേറെ രോഗികള്‍ എത്തുന്ന ജില്ല ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.