ഇടുക്കിയുടെ വേദനകളിൽ ഒപ്പം നിന്ന്
തൊടുപുഴ: ഇടുക്കിയുമായി വലിയൊരു ആത്മബന്ധമാണ് ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നത്. ഇടുക്കിക്കാര്‍ക്കും അങ്ങനെതന്നെ. വിദ്യാര്‍ഥി രാഷ്ട്രീയകാലം മുതലേ ഇടുക്കിയോട് ഉമ്മൻ ചാണ്ടി അടുപ്പം പുലര്‍ത്തിയിരുന്നു.
ഇടുക്കിയിലെ ഉമ്മൻ ചാണ്ടി കോളനിക്കാര്‍ക്ക് ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ വേര്‍പാട് ഉള്‍ക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇടുക്കിയില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയവരൊക്കെ ഉമ്മൻ ചാണ്ടിയോട് വളരെ അടുപ്പം പുലര്‍ത്തുന്നവരായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളും പലപ്പോഴായി ലഭിച്ച മന്ത്രി പദവികളും ഇടുക്കിയുടെ നേട്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
അതുപോലെ ഇടുക്കിക്ക് ഒരു ചെറു സങ്കടം ഉണ്ടായാല്‍പോലും ഓടിയെത്തുന്ന നേതാവ് കൂടിയായിരുന്നു ഉമ്മൻ ചാണ്ടി. അപകടങ്ങളും ദുരന്തങ്ങളുമൊക്കെ ഉണ്ടായപ്പോഴെല്ലാം ആശ്വാസവാക്കും സഹായഹസ്തവുമായി ഉമ്മൻ ചാണ്ടി ഇടുക്കിയിലെത്തിയിരുന്നു. ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ ദുര്‍ഘട മേഖലയില്‍ പോലും ആദ്യം എത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. 102 അയ്യപ്പഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം നടന്നിടത്ത് പല പ്രമുഖര്‍ക്കും മുമ്ബേ ഉമ്മൻ ചാണ്ടി എത്തി.
പുല്ലുമേട്ടില്‍ മകരവിളക്കുകണ്ട് മടങ്ങിയ ഭക്തരാണ് തിക്കിലും തിരക്കിലുംപെട്ടത്. 2011 ജനുവരി 14ന് രാത്രി 8.15ഓടെയാണ് സംഭവം. പിറ്റേന്നുതന്നെ ഉമ്മൻ ചാണ്ടി എത്തി. 2009 സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ചോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയപ്പോള്‍ അവിടെയും ഓടിയെത്തി ഉമ്മൻ ചാണ്ടി. ഏഴ് കുട്ടികളും 23 സ്ത്രീകളുമുള്‍പ്പെടെ 45പേര്‍ക്കാണ് അന്ന് ജീവൻ നഷ്ടമായത്. 2014ല്‍ ചീയപ്പാറ മലയിടിച്ചില്‍ ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ചീയപ്പാറയിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
1997ല്‍ പഴംബ്ലിച്ചാല്‍ ദുരന്തം, 2018ലെ അടിമാലി ഉരുള്‍പൊട്ടല്‍, 2018ല്‍ കുഞ്ചിത്തണ്ണി ദുരന്തം തുടങ്ങിയവ ഉണ്ടായപ്പോഴും അദ്ദേഹം ഓടിയെത്തി.
ഇടുക്കി കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന രാജമലയിലെ പെട്ടിമുടിയിലും പ്രതികൂല കാലാവസ്ഥയെപ്പോലും വകവെക്കാതെ ഓടിയെത്തുന്ന ഉമ്മൻ ചാണ്ടിയെയും ഇടുക്കി കണ്ടു. ദുരന്തം നടന്ന് നാലാം ദിവസമാണ് ഉമ്മന്‍ ചാണ്ടിയും സംഘവും പെട്ടിമുടിയില്‍ എത്തിയത്. പെട്ടിമുടിയില്‍ അവസാനത്തെ മൃതദേഹവും കിട്ടുന്നതുവരെ തിരച്ചില്‍ തുടരണമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി ലയങ്ങളില്‍ കുടുതല്‍ സൗകര്യമൊരുക്കണമെന്നും തെൻറ സര്‍ക്കാറിെൻറ കാലത്ത് തുടങ്ങിവെച്ച രണ്ടു മുറികളുള്ള ഫ്ലാറ്റ് സമുച്ചയം പദ്ധതി നടപ്പാക്കണമെന്നും പറഞ്ഞാണ് പെട്ടിമുടി ഇറങ്ങിയത്.