പീരുമേട് താലൂക്കാശുപത്രിയ്ക്കു വേണം അടിയന്തിര ചികിത്സ
പീരുമേട്: താലൂക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച് 35 വര്‍ഷം പിന്നിടുമ്പോഴും അടിയന്തര ഘട്ടത്തില്‍ രോഗികള്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് .കോടികള്‍ ചെലവഴിച്ച് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോഴും ഡോക്ടര്‍മാരും ചികിത്സയും ലഭ്യമല്ലാത്തതാണ് പ്രധാന കാരണം. ഫാര്‍മസിയില്‍ മരുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇവ ഉപയോഗപ്പെടുന്നില്ല.
തോട്ടം മേഖലയിലടക്കമുള്ളവര്‍ക്ക് ആശ്രയമാകേണ്ട ആതുരാലയം രോഗികള്‍ക്ക് യഥാസമയം പ്രയോജനപ്പെടാത്ത സാഹചര്യമാണ് പലപ്പോഴും. കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. വളരെ ദൂരം യാത്ര ചെയ്ത് മറ്റ് ആശുപത്രിയില്‍ എത്തുന്നത് രോഗിയെയും ബന്ധുക്കളെയും സംബന്ധിച്ച് ഏറെ റിസ്കുമാണ്.
മെഡിക്കല്‍ സൂപ്രണ്ടന്‍റ് ഉള്‍പ്പെടെ14 ഡോക്ടര്‍മാരുടെ തസ്തികയാണുള്ളത്.ഇതില്‍ എട്ട് ഡോക്ടര്‍മാരുടെ സെഷ്യലൈസ് ചെയ്ത തസ്തികയും രണ്ടുപേര്‍ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍മാരുമാണ്. ഗൈനക്കോളജി, ഓര്‍ത്തോ പീഡിയൻ, പീഡിയാട്രീഷ്യൻ, ഒഫ്ത്താല്‍ മോളജി, മെഡിക്കല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ സ്ഥലംമാറി പോയെങ്കിലും പകരം ഡോക്ടര്‍മാര്‍ എത്തിയിട്ടില്ല. പകരം നിയമനം നടന്നെങ്കിലും ചാര്‍ജ് എടുക്കുന്നതും വൈകുന്നു. രണ്ട് അസിസ്റ്റന്‍റ് സര്‍ജൻമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. മെഡിക്കല്‍ സൂപ്രണ്ടും സ്ഥലം മാറ്റം ലഭിച്ചുപോയി. പകരം നിയമനം നടക്കാത്തതിനാല്‍ അസിസ്റ്റന്‍റ് സര്‍ജന് ചാര്‍ജ് നല്‍കിയിരിക്കുകയാണ്.
ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും സ്ഥലംമാറിപ്പോയതിനാല്‍ പ്രസവവാര്‍ഡിന്‍റെ പ്രവര്‍ത്തനം നിലച്ചു. രണ്ട് ഗൈനക്കോളജിസ്റ്റിന്‍റെ സേവനം ആവശ്യമുള്ളപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. പ്രസവ വാര്‍ഡിന്‍റെ പ്രവര്‍ത്തനം കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്ബോഴും അഞ്ചില്‍ താഴെ പ്രസവങ്ങളാണ് ഇവിടെ നടന്നത്.
തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഉപ്പുതറ, ഏലപ്പാറ, കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നിന്ന് നിരവധി ആളുകള്‍ ഇവിടെ എത്തുന്നു. പലരും ആശുപത്രിയില്‍ എത്തുമ്ബോഴാണ് ഡോക്ടര്‍മാരുടെ അഭാവം അറിയുന്നത്.
ഫാര്‍മസി, എക്സ്റേ വിഭാഗം, ലബോറട്ടറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ഫാര്‍മസിയും. ലാബോറട്ടറി രാത്രിയിലും പ്രവര്‍ത്തിക്കുന്നു. അത്യാഹിത വിഭാഗവും പരാതിക്കിട വരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.30ല്‍പരം ജീവനക്കാരാണ് ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാൻ സര്‍ക്കാറും അഴുത ബ്ലോക്ക് പഞ്ചായത്തും കോടികളാണ് െചലവഴിക്കുന്നത്.കെട്ടിട സമുച്ചയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ആധുനിക രീതിയില്‍ പൂര്‍ത്തികരിക്കുമ്ബോഴും ഡോക്ടര്‍മാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
എക്സ്റേ എടുക്കാൻ ദുരിതയാത്ര
എക്സറേ എടുക്കാൻ ദുരിതയാത്ര നടത്തേണ്ട സ്ഥിതിയിലാണ് രോഗികള്‍. ഒ.പി, ഐ.വി.വിഭാഗത്തില്‍നിന്ന് നൂറ് മീറ്ററിലധികം ദൂരത്തിലാണ് എക്സ്റേ പ്രവര്‍ത്തിക്കുന്നത്.പ്രധാന വഴിയിലൂടെ വെയിലും മഴയുമേറ്റ് 50 മീറ്റര്‍ വീല്‍ച്ചെയറില്‍ സഞ്ചരിച്ച് ഇറക്കമുള്ള ഇടനാഴിയിലൂടെ സഞ്ചരിച്ചാണ് എക്സ് റേ എടുക്കുന്ന കെട്ടിടത്തില്‍ എത്തുന്നത്. എക്സ്റെ എടുക്കാൻ കൊണ്ടുപോകാൻ ജീവനക്കാര്‍ ഇല്ലാത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു.
രണ്ട് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം ലഭിക്കാറില്ല. രോഗികള്‍ക്ക് ഒപ്പമുള്ളവരാണ് മിക്കപ്പോഴും വീല്‍ ചെയറില്‍ കൊണ്ടുപോകുന്നത്.റോഡിലൂടെ വീല്‍ചെയറില്‍ ക്ലേശിച്ച് രോഗികളുമായി പോകുമ്ബോള്‍ സെക്യൂരിറ്റി ഗാര്‍ഡുമാരാണ് പലപ്പോഴും സഹായത്തിന് എത്തുന്നത്.