കർക്കിടക കഞ്ഞി
മഴക്കാലത്ത് ആരോഗ്യമുള്ള ശരീരമുണ്ടാക്കാൻ കർക്കിടകത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് കർക്കിടക കഞ്ഞിയും കർക്കിടക ചികിത്സയും . രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിന്റെ പുനരജ്ജീവനത്തിന് കഞ്ഞി സഹായിക്കുന്നു.
ആയുർവേദത്തിൽ ഇതിന് ‘പേയ’ എന്നാണ് പറയുന്നത്. അതായത് അഗ്നി ബലത്തെ കൂട്ടുന്നതും ദഹനത്തിന് സഹായിക്കുന്നതും ആയിട്ടുള്ള നീർത്ത കഞ്ഞിയാണ് പേയ. ‘നീർത്തകഞ്ഞി’ എന്നാൽ കോരുവയുടെ സഹായം കൂടാതെ മോന്തി കുടിക്കുന്ന കഞ്ഞി .
പ്രതിരോധശേഷി വർദ്ധിപ്പിക്കുക, വിഷാംശം ഇല്ലാതാക്കി ശരീരത്തിന്റെ പുനരുജ്ജീവനം ഉപഭോക്താവിൽ ഊർജ്ജവും പ്രഭയും വർധിപ്പിക്കുക എന്നിവയാണ് കഞ്ഞിയുടെ മറ്റു ഗുണങ്ങൾ .
പ്രമേഹം കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ കഞ്ഞി ഉത്തമമാണ്. കർക്കിടകത്തിലെ ആദ്യ ഏഴ് ദിവസങ്ങളിൽ ആണ് മൃദുഷ്ണത്തോടെ കർക്കിടക കഞ്ഞി കുടിക്കേണ്ടത്. വേനൽക്കാലത്തെ ശാരീരിക അധ്വാനത്തിന്റെയും ക്രമരഹിതമായ ഭക്ഷണത്തിന്റെയും ഫലമായി ശരീരത്തിൽ അടിഞ്ഞു കൂടിയ ശരീര കോശ ക്ഷയ മാലിന്യങ്ങളെ പുറന്തള്ളുക എന്നതാണ് കർക്കിടക കഞ്ഞിയിലൂടെ ചെയ്യുന്നത്. ഇതിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി അടുത്ത വർഷത്തേക്ക് വേണ്ടി ശരീരത്തിൽ നിലനിൽക്കുന്നു.
കഠിനാധ്വാന ദിനങ്ങളിൽ ക്രമമല്ലാത്ത ഭക്ഷണത്തിലൂടെ ശരീരത്തിൽ ദഹനത്തിന് ആവശ്യമായ അമ്ലത്തിന്റെ ഏറ്റക്കുറച്ചിൽ അസിഡിറ്റി ഉണ്ടാക്കുകയും ഈ ആസിഡിന്റെ പ്രവർത്തനത്താൽ കോശങ്ങളിൽ ഇൻഫ്ളമേഷൻ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ആർതൈറ്റിസ് പോലെയുള്ള അസുഖങ്ങൾക്കും അനാരോഗ്യത്തിനും കാരണമാകുന്നു. .
ആൽക്കലൈൻ വസ്തുക്കൾ കൊണ്ട് മാത്രം ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ കർക്കിടക കഞ്ഞി ശരീരത്തിന്റെ അമ്ലത്വം കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യം ഇല്ലാതാക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യ ശരീരത്തിൽ Ph 7.45 ൽ എത്തുന്നു. 7.45 Ph ൽ ഉള്ള ശരീരത്തെ ഒരു രോഗാണുവിനും ആക്രമിക്കാൻ കഴിയാത്ത വിധം പ്രതിരോധശേഷി നേടുന്നതാണ് കർക്കിടക കഞ്ഞി കുടിക്കുന്നതിലൂടെ സംഭവിക്കുന്നത്.
എളുപ്പം ദഹിക്കുന്ന കഞ്ഞി പ്രായമായവർക്കും കുട്ടികൾക്കും കൊടുക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കുമ്പോൾ തേങ്ങാപ്പാൽ, ജീരകം ആവശ്യമെങ്കിൽ അല്പം കരിപ്പെട്ടി ശർക്കര എന്നിവ ചേർത്ത് കൊടുക്കാം പനിയുള്ള അവസ്ഥകളിൽ അമിതമായി തേങ്ങ ചേർക്കാതെ മുയൽച്ചെവിയൻ മുക്കുറ്റി പൂവാംകുറുന്നൽ മുത്തങ്ങ എന്നിവ ചേർത്ത് കഞ്ഞി വെക്കുന്നതാണ് നല്ലത്. കഞ്ഞിയുടെ കൂടെ മസാല ചേർത്ത് കറികളോ എണ്ണ ചേർത്ത കറികളോ ഉപയോഗിക്കാൻ പാടില്ല. രോഗാ വസ്ഥയ്ക്ക് അനുസരിച്ച് കഞ്ഞിയിൽ മാറ്റം വരുത്താവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ:
ഞവര അരി -ഒരു കപ്പ്
തേങ്ങാപ്പാൽ- 200 മില്ലി
ആശാളി – 5 ടീസ്പൂൺ
ഇഞ്ചിപ്പൊടി അല്ലെങ്കിൽ ചതച്ച ഇഞ്ചി-
5 gram
മഞ്ഞൾപൊടി -ഒരു നുള്ള്
വെളുത്തുള്ളി -ഒരു ടീസ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
കുരുമുളക് -പൊടിച്ചത് ഒരു ടീസ്പൂൺ
കാരം വിത്ത്(അയമോദകം)-ഒരു ടീസ്പൂൺ
ശർക്കര പാകത്തിന്
ഉലുവ -5 ടീസ്പൂൺ
നെയ്യ് -രണ്ട്/മൂന്ന് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
1.അരി തിളപ്പിക്കാൻ വയ്ക്കുക അത് സ്റ്റൗവിൽ ആയിരിക്കുമ്പോൾ എല്ലാ ഉണങ്ങിയ ചേരുവകളും ശർക്കര ഒഴികെ പൊടിക്കുക.
2.അരിയിൽ പൊടിച്ച മിശ്രിതം ചേർത്ത് തിളപ്പിക്കുക.
3.തിളക്കുന്ന അരിയിൽ ശർക്കര ചേർക്കുക.
4അല്പം കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ചേർക്കുക.ഒന്നോ രണ്ടോ മിനിറ്റിനു ശേഷം കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് തീ ഓഫ് ചെയ്യുക.
5.അതിനുശേഷം മുകളിൽ നെയ്യ് ചേർക്കുക.