(01) കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം.
“സ്വസ്ഥസ്യ സ്വാസ്ഥ്യ സംരക്ഷണം ആതുരസ്യ വികാര പ്രശമനം”.
അതായത് ആതുരന്റെ രോഗങ്ങളെ ശമിപ്പിക്കാൻ മാത്രമല്ല മറിച്ച് ആരോഗ്യമുള്ളവന്റെ ആരോഗ്യം നിലനിർത്താൻ വേണ്ടിയുള്ളതും കൂടിയാണ് ആയുർവേദം. ഇത് ആയുർവേദത്തിന്റെ ആപ്തവാക്യമാണ്. ആയുർവേദം എന്നത് ഭാരതത്തിൽ ഉടനീളം വേരിറങ്ങിയ ഒരു ശാസ്ത്ര ശാഖയാണ്. ഒരുതരത്തിൽ കേരളത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ് കർക്കിടക ചികിത്സ.
“ബലാധിഷ്ഠാനം ആരോഗ്യം
ആരോഗ്യാർത്ഥം ക്രിയാ ക്രമം”.
ഒരുവന്റെ ആരോഗ്യം അയാളുടെ ബലത്തെ ആശ്രയിച്ച് മനസ്സിലാക്കാം. ഈ സ്വാഭാവിക ബലം നേടാൻ വേണ്ടി ചില ക്രിയാക്രമങ്ങൾ ചെയ്യുക എന്നതാണ് ആയുർവേദത്തിന്റെ വീക്ഷണം. ഈ ഒരു തത്വത്തിൽ നിന്നാണ് പൊതുവേ ആരോഗ്യം കുറഞ്ഞിരിക്കുന്ന കർക്കിടക മാസത്തിൽ ആയുർവേദ ചികിത്സയ്ക്ക് പ്രാധാന്യം ഏറിയത്. ശിശിരം ,വസന്തം ,ഗ്രീഷ്മം, വർഷം , ശരത്, ഹേമന്തം എന്നീ 6 ഋതുക്കളിൽ, വർഷ ഋതുവിലെ ജൂലൈ-ഓഗസ്റ്റ് മാസത്തിന്റെ മധ്യത്തിലാണ് കർക്കിടക മാസം . ഗ്രീഷ്മ ഋതുവിനു ശേഷം വരുന്ന പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം അന്തരീക്ഷത്തിൽ കുറഞ്ഞ താപനില ഉണ്ടാക്കുന്നു. തന്മൂലം അഗ്നിബലം കുറയുവാൻ ഇടയാകുന്നു. അഗ്നിബലം എന്നാൽ ആഹാരം ദഹിപ്പിക്കാനുള്ള കഴിവ് എന്നാണ്. ഈ ഒരു അവസ്ഥയിൽ ആരോഗ്യം കുറയുവാനും രോഗങ്ങൾ പെട്ടെന്ന് പിടിപെടുവാനും സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിൽ ശരീരത്തിനും മനസ്സിനും ഏറെ ആരോഗ്യ പ്രാധാന്യം കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കർക്കിടക ചികിത്സ, ആയുർവേദത്തിൽ മുന്നോട്ട് വന്നത്. ആഹാരമാണ് ഏറ്റവും വലിയ ഔഷധം. അതിനാൽ ‘ ആഹാരം’ ഔഷധ സംസ്കരണത്തിലൂടെ കർക്കിടകത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താം. അതിൽ ഏറ്റവും പ്രധാനം മുക്കുടി, സൂപ്പ് ,ഔഷധ കഞ്ഞി , പത്തില കറി എന്നിവയാണ്.
തുടരും