പാലം തകർന്നിട്ട് അഞ്ചു വർഷം; അധികാരികൾ അറിഞ്ഞ മട്ടില്ല
മൂലമറ്റം: പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍ നിര്‍മിക്കാൻ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല. മൂലമറ്റം ഗണപതി ക്ഷേത്രത്തിനു സമീപമുള്ള പാലമാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്. 2018ലെ പ്രളയ കാലത്താണ് മൂലമറ്റം തേക്കിൻ കൂപ്പിനു സമീപമുണ്ടായിരുന്ന നാച്ചാറിലെ പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. ഇവിടെ പാലത്തിനു പുറമെ നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. പാലം തകര്‍ന്നതോടെ ഒട്ടേറെ കുടുംബങ്ങള്‍ക്കു പുറംലോകത്തെത്താനുള്ള വഴിയാണ് അടഞ്ഞത്.
യാത്രാ പ്രതിസന്ധി
പതിറ്റാണ്ടുകള്‍ക്കു മുന്പ് വൈദ്യുതി ബോര്‍ഡ് നിര്‍മിച്ചതാണ് ഈ പാലം. ആദിവാസി മേഖലയായ ഇടാട്, ഇലപ്പള്ളി, കണ്ണിക്കല്‍, പുത്തേട് എന്നീ സ്ഥലങ്ങള്‍ക്കു പുറമെ മണപ്പാടി, മൂന്നുങ്കവയല്‍, പതിപ്പള്ളി, കെഎസ്‌ഇബി കോളനി തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് ആളുകള്‍ എളുപ്പവഴിയായി ഉപയോഗിച്ചുകൊണ്ടിരുന്നതും ചെറിയ വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നതുമായ പാലമാണ് തകര്‍ന്നത്. ഇലപ്പള്ളിക്കു ബസ് സര്‍വീസ് ഇല്ലാതിരുന്ന സമയം നാട്ടുകാര്‍ ഇതുവഴിയാണ് യാത്ര ചെയ്തിരുന്നത്.
ഫണ്ട് ഉണ്ട്, മനസില്ല!
എന്നാല്‍, പാലം തകര്‍ന്നിട്ട് ഇത്രയും നാളായിട്ടും വൈദ്യുതി ബോര്‍ഡോ ജനപ്രതിനികളോ ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ആദിവാസി മേഖലയിലേക്കുള്ള റോഡായതിനാല്‍ ഫണ്ട് ലഭിക്കുന്നതിനു തടസമില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അറക്കുളം പഞ്ചായത്തിലെ ആറു വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡായിട്ടും അധികൃതര്‍ ഇതിനെ അവഗണിക്കുകയാണ്. ഓട്ടോകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാൻ കഴിയുന്ന തരത്തില്‍ പാലം നിര്‍മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.