കട്ടപ്പന നഗരസഭയിലെ മാലിന്യ നീക്കം;ടെണ്ടര്‍ നല്‍കിയത് നടപടി ക്രമം പാലിക്കാതെയെന്ന് ബി.ജെ.പി
കട്ടപ്പന: നഗരസഭയിലെ പൈതൃക മാലിന്യം നീക്കം ചെയ്യുന്നതിന് ടെണ്ടര്‍ നല്‍കിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ബി.ജെ.പി. പുളിയന്‍മല ഡംപ് യാര്‍ഡില്‍ നിന്നുള്ള ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനുളള ടെണ്ടറിന് അനുമതി നല്‍കുന്നതിന് ജൂണ്‍ 20ന് അടിയന്തിര കൗണ്‍സില്‍ കൂടിയിരുന്നു.
ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നല്‍കിയ ഇ ടെണ്ടര്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പിനിടയിലും അംഗീകരിക്കുകയായിരുന്നു. ഭരണ പക്ഷത്തെ രണ്ട് കൗണ്‍സിലര്‍മാരും ബി.ജെ.പി-എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും വിയോജനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഏകപക്ഷീയമായി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റെ താല്‍പര്യ പ്രകാരം ഈ സ്ഥാപനത്തിന് ടെണ്ടര്‍ അനുവദിച്ചത്. 6178251 രൂപയുടെ ടെണ്ടറിനാണ് അനുമതി നല്‍കിയത്.
നോര്‍ത്തേണ്‍ ഇ.എന്‍.എസ്. സൊല്യൂഷന്‍ എന്ന സ്ഥാപനം 5302095രൂപക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ കോട്ട് ചെയ്തിരുന്നു.
കൂടാതെ വിഷയത്തില്‍ ടെണ്ടര്‍ ക്ഷണിച്ചത് കൗണ്‍സിലിന്റെ അനുമതിയോട് കൂടി ആയിരുന്നില്ല. കൗണ്‍സിലിന്റെ അനുമതി ഇല്ലാതെ ക്ഷണിച്ച ടെണ്ടറില്‍ കൂടിയ നിരക്കിന് കോട്ട് ചെയ്ത സ്ഥാപനത്തിന് ടെണ്ടര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കൗണ്‍സില്‍ യോഗ തീരുമാനത്തിന് ജോയിന്റ് ഡയറക്ടരുടെ അനുമതി ലഭിച്ചിട്ടുണ്ട് എന്ന ചെയര്‍പേഴ്‌സന്റെ വാദം ബാലിശമാണ്. വിയോജനം രേഖപ്പെടുത്തി കൗണ്‍സിലര്‍മാര്‍ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി സമര്‍പ്പിച്ചിട്ടുള്ളതിന്റെ ക്ലാരിഫിക്കേഷന് കാത്തിരിക്കുമ്പോള്‍ അനുമതി ലഭിച്ചു എന്നത് ക്രമപ്രകാരമുളളതല്ല. 876160 രൂപ നഷ്ടം വരുത്തിയ ടെന്‍ണ്ടര്‍ നടപടി പിന്നീട് ഓഡിറ്റ് ഒബ്ജക്ഷന് കാരണമാകും എന്നതുകൊണ്ട് ഗവ. പ്രിന്‍സപ്പല്‍ സെക്രട്ടറിയുടെ വിശദീകരണം വാങ്ങിയതിന് ശേഷമേ ഈ പദ്ധതി നടപ്പിലാക്കാവൂ. അല്ലെങ്കില്‍ കൂടിയ തുകക്ക് ടെണ്ടര്‍ ഉറ പ്പിച്ചതിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. സമരത്തിന് നേതൃത്വം നല്‍കുമെന്നും കൗണ്‍സിലര്‍ പി.ജെ. ജോണ്‍, രജിത രമേശ്, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരവുകാല എന്നിവര്‍ പറഞ്ഞു.