കട്ടപ്പന നഗരസഭാ മേഖലയിലെയും സമീപ പഞ്ചായത്തുകളിലെയും കെഎസ്ഇബി സെക്ഷനുകളിലുമെല്ലാം അടിക്കടി വൈദ്യുതി മുടങ്ങുന്നതിന് ഇപ്പോഴും ശമനമില്ല.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടക്കം. ഇത് വ്യാപാരികള്‍ക്കും വൈദ്യുതിയുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ലൈന്‍മാന്‍, വര്‍ക്കര്‍ തുടങ്ങിയ ജീവനക്കാര്‍ ആവശ്യത്തിന് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് സൂചന. ടച്ചിങ് വെട്ടി മാറ്റുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പോലും പൂര്‍ണമായി നടത്താനായിട്ടില്ല. പലയിടത്തും ട്രാന്‍സ്‌ഫോമറിലും വൈദ്യുതി ലൈനുകളിലുമെല്ലാം കാടുപടര്‍ന്നു കയറി മൂടിക്കിടക്കുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരശിഖരങ്ങളും പൂര്‍ണമായി മുറിച്ചുനീക്കാനായിട്ടില്ല. ലൈനില്‍ നടത്തുന്ന ജോലികള്‍ മുന്‍കൂട്ടി നിശ്ചയിച്ച് വൈദ്യുതി ഓഫ് ചെയ്തശേഷം പലയിടങ്ങളിലെ ജോലികള്‍ ഒന്നിച്ച് പരിഹരിക്കാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. അതിനാല്‍ ഓരോ ജോലികള്‍ ചെയ്യുമ്പോഴും വൈദ്യുതി ഓഫ് ചെയ്യേണ്ടിവരുന്നത് ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ടാകുന്നു.
കട്ടപ്പനയില്‍ ഉള്‍പ്പെടെ പലയിടത്തും ഓരോ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയിലും കൂടുതല്‍ ലോഡാണുള്ളത്. അത് പരിഹരിക്കാനായി കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ പലയിടത്തും ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമല്ലാതെ വരുന്നത് ബുദ്ധിമുട്ടാകുന്നു. പഴയ ലൈന്‍ കമ്പികള്‍ വഴിയാണ് ഇപ്പോഴും വൈദ്യുതി വിതരണം ചെയ്യുന്നത്. അവ അടിക്കടി പൊട്ടുന്നതും തകരാറുകള്‍ സംഭവിക്കുന്നതും പതിവാണ്. ഇത് മാറ്റി എബിസി കണ്ടക്ടര്‍ വഴി കേബിള്‍ സ്ഥാപിച്ച് അതിലൂടെ വൈദ്യുതി വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കിയിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. കേബിളിലൂടെ വൈദ്യുതി വിതരണം ചെയ്താല്‍ നിലവിലെ പ്രശ്‌നങ്ങള്‍ ഭൂരിപക്ഷവും പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.