മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഡ്വ: ഡീൻ കുര്യാക്കോസ് എംപി നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ കട്ടപ്പന ഗാന്ധി സ്ക്വയറിൽ ഉപവാസം അനുഷ്ഠിക്കും.
ലോക ദൃഷ്ടിയിൽ നമ്മുടെ രാജ്യത്തിന് ഏറ്റ വലിയ ആഘാതവും അപമാനവുമാണ് മണിപ്പൂർ സംഭവം. ജനാധിപത്യത്തെപറ്റി കൊട്ടിഘോഷിക്കുന്ന കേന്ദ്ര ഗവൺമെന്റ് മണിപ്പൂർ ഇന്ത്യാ രാജ്യത്തിന്റെ ദാഹമാണെന്ന കാര്യം വിസ്മരിച്ചിരിക്കുകയാണ്.
ഗവൺമെന്റുകൾ നിഷ്ക്രിയമായി നിന്നുകൊണ്ട് ഭൂരിപക്ഷ വിഭാഗത്തെ കൊണ്ട് ന്യൂനപക്ഷങ്ങളെ എങ്ങനെ ഇല്ലായ്മ ചെയ്യാൻ കഴിയുമെന്നുള്ള പരീക്ഷണമാണ് മണിപ്പൂരിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഹിനവും പൈശാചികവുമായ രീതിയിലാണ് മനുഷ്യർ വധിക്കപ്പെടുന്നത്. രണ്ടുമാസത്തിലധികമായി അക്രമകാരികളെ അഴിഞ്ഞാടാൻ ഗവൺമെന്റുകൾ അനുവദിച്ചിരിക്കുന്നുവെന്നതാണ് ഇന്ത്യൻ ജനതയെ അത്ഭുതപ്പെടുത്തുന്ന കാര്യം.
നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികളും സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. തീവ്രവാദികൾ വീടുകളും ഗ്രാമങ്ങളും നശിപ്പിച്ചതുകൊണ്ട് ആയിരക്കണക്കിനാളുകൾ മിസോറാം, നാഗാലാൻഡ് സംസ്ഥാനങ്ങളിലേക്ക് അഭയാർത്ഥികളായി കൂടാതെ ജീവിക്കാൻ പലായനം എന്നീ ചെയ്തിരിക്കുന്നത് യാതൊരു നിർവാഹവുമില്ലാതെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
തീവ്രവാദികൾ നിയമം കയ്യിലെടുത്ത് പോലീസ് സ്റ്റേഷനുകളും പട്ടാള ക്യാമ്പുകളും ആക്രമിക്കുകയും ആയുധങ്ങൾ കൈക്കലാക്കുകയും ചെയ്യുന്നു. പട്ടാപ്പകൽ ആയുധധാരികളായ അക്രമകാരികൾ അഴിഞ്ഞാടുന്ന കാഴ്ചയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകജനത മണിപ്പൂർ സംഭവങ്ങളെ അപലപിക്കുകയും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുമിരിക്കുന്ന ഈ
സാഹചര്യത്തിൽ നമ്മുടെ നാടിന്റെ ഉത്കണ്ഠ ഭരണാധികാരികളെ അറിയിക്കുന്നതിനും മണിപ്പൂർ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമാണ് ഡീൻ കുര്യാക്കോസ് എംപി ഉപവസിക്കുന്നതെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
രാവിലെ 9 മണിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷം ഉപവാസം ആരംഭിക്കും. ഉപവാസം പ്രശസ്ത സാഹിത്യകാരനും മുൻ കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ ആമുഖപ്രഭാഷണം നടത്തും.
സമാപന സമ്മേളനം സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് അഭിവന്ദ്യ വി.എസ് ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്യും.
വിവിധ സഭാ മേലധ്യക്ഷന്മാർ, സാമൂഹദായിക നേതാക്കൾ, സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക-സംഘടനാ നേതാക്കൾ തുടങ്ങിയവർ ഉപവാസ പരിപാടിയിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ജോയി വെട്ടിക്കുഴി, തോമസ് മൈക്കിൾ, ജോയി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു.