മക്കളെ സാക്ഷിയാക്കി മാതാപിതാക്കൾ വിവാഹിതരായി;
കട്ടപ്പന: മൂന്ന് പെൺമക്കളെയും സാക്ഷിയാക്കി ശുഭമുഹൂർത്തത്തിൽ മാതാപിതാക്കൾ വിവാഹിതരായി.പുളിയൻമല വിജയവിലാസത്തിൽ രാജു- വിലാസിനി ദമ്പതികളുടെ മൂത്ത മകൻ ശിവകുമാറും പുളിയൻമല പാലത്തറയിൽ പരേതരായ സുകുമാരൻ- ഓമന ദമ്പതികളുടെ ഏഴ് മക്കളിൽ ഏറ്റവും ഇളയവളായ ജയയും തമ്മിലുള്ള വിവാഹമാണ് കട്ടപ്പന അമ്പലക്കവലയിലെ വീട്ടിൽ മക്കളുടെ നേതൃത്വത്തിൽ നടന്നത്.
1996 ൽ വീട്ടുകാരുടെ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് കടുത്ത പ്രണയത്തിലായിരുന്ന ശിവകുമാറും ജയയും രജിസ്ട്രർ മാര്യേജ് ചെയ്യുകയായിരുന്നു. തുടർന്ന് ഒരു മാസം തമിഴ് നാട്ടിലും, പിന്നീട് മൂന്നു മാസം പുനലൂരിലും താമസിച്ച ശേഷമാണ് കട്ടപ്പനയിൽ തിരിച്ചെത്തിയത്. രജിസ്ട്രർ മാര്യേജ് ചെയ്തതിൻ്റെ 25- വാർഷികത്തോടനുബന്ധിച്ചായിരുന്നു മക്കളുടെ നിർബന്ധ പ്രകാരം വീട്ടിൽ കതിർ മണ്ഡപമൊരുക്കിയത്. ശൂലപ്പാറ മഹാദേവക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീട് കോവി ഡിൻ്റെ പശ്ചാത്തലത്തിൽ ചടങ്ങ് വീട്ടിലേക്ക് മാറ്റി. പുതിയ വിവാഹ വസ്ത്ര ശിവകുമാറും ജയയും വ്യാഴാഴ്ച രാവിലെ 11.30 നും 12 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പരസ്പരം മാല ചാർത്തി. ബാംഗ്ലൂർ ഓക്സ്ഫോർഡ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായ മൂത്ത മകൾ അഞ്ജലിയും മാഹി ദന്തൽ കോളജ് വിദ്യാർത്ഥിനിയായ രണ്ടാമത്തെ മകൾ ആരാധനയും മാതാപിതാക്കൾക്ക് പൂമാലകൾ എടുത്തു നൽകി. പുളിയൻമല കാർമൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഇളയ മകൾ അതിഥിയാണ് അമ്മയ്ക്ക് ചാർത്താനുള്ള സിന്ദൂരം അച്ഛന് കൈമാറിയത്. ചടങ്ങിന് സാക്ഷിയായി ഏറ്റവും അടുത്ത ബന്ധുവും അയൽപക്കത്തെ രണ്ടുപേരും ഒപ്പം ഫോട്ടോഗ്രാഫർ അനന്ദു ജെയ്മോനും.
വിവാഹശേഷം ഫോട്ടോ സെക്ഷനും വിഭവ സമൃദ്ധമായ സദ്യയും. ഫ്രണ്ട്സ് ഓഫ് കേരള എന്ന സംഘടന കഴിഞ്ഞ കോവിഡ് സമയത്ത് നടത്തിയ വിവാഹ ഫോട്ടോ മൽസരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന അമ്മയുടെ പരിഭവമാണ് മാതാപിതാക്കളുടെ വിവാഹ ചടങ്ങ് നടത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് മൂത്ത മകൾ അഞ്ജലി പറഞ്ഞു. അതിഥി ബിൽഡേഴ്സ് മാനേജിങ്ങ് ഡയറക്ടറാണ് ശിവകുമാർ. ജയയും മൂന്ന് പെൺമക്കളും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. ജയയുടെയും മക്കളുടെയും ഡാൻസ് വീഡിയോസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ഏതാനും കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്ന തിരക്കിലാണിപ്പോൾ മക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായ ഈ മാതാപിതാക്കൾ.