നാട്ടുവാര്‍ത്തകള്‍
ദുരിതമായി മഴ പെയ്തിറങ്ങി; ശക്തമായ കാറ്റിൽ വൻ നാശം
ഇന്നലെ സന്ധ്യയോടെ ഉണ്ടായ ശക്തമായ കാറ്റിൽ മേഖലയിൽ വൻ നാശം. ഒട്ടേറെ സ്ഥലങ്ങളിൽ മരം വീണ് വൈദ്യുത തൂണുകൾ തകർന്ന് വൈദ്യുതി വിതരണം നിലച്ചു. മിക്ക റോഡുകളിലും മരം വീണു ഗതാഗതം നിലച്ചു. അഗ്നിരക്ഷാ സംഘം എത്തി മരം മുറിച്ചു നീക്കിയാണ് പല ഭാഗത്തും ഗതാഗതം പുനഃസ്ഥാപിച്ചത്.
തൊടുപുഴ – മൂലമറ്റം റോഡിൽ മ്രാലയ്ക്ക് സമീപം രണ്ടിടത്ത് മരം വീണ് ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു. കാരിക്കോട്, പുതുപ്പരിയാരം, അഞ്ചിരി തുടങ്ങിയ പ്രദേശങ്ങളിലും മരം വീണ് നാശം ഉണ്ടായി. ഇഞ്ചിയാനി കുടിലിപ്പാറ ചേർത്തല സിബിയുടെ വീടിനു മുകളിൽ മരം വീണ് വീട് തകർന്നു. വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. പുതുപ്പരിയാരത്തും വീടിനു മുകളിൽ മരം വീണു നാശമുണ്ടായി.