കേരളത്തിലും തമിഴ്നാട്ടിലും വാര്‍ത്തയിലെ താരം
കേരളത്തിലും തമിഴ്നാട്ടിലും വാര്‍ത്തയിലെ താരം, അരിക്കൊമ്പന്‍ 75 ശതമാനം ആരോഗ്യം വീണ്ടെടുത്തു, പുതിയ ആവാസവ്യവസ്ഥതയുമായി യോജിച്ചു കഴിഞ്ഞതായി തമിഴ്നാട് വനം വകുപ്പ്….! അരിക്കൊമ്പൻ ഏറെക്കാലമായി കേരളത്തിലും തമിഴ് നാട്ടിലും വാര്‍ത്തയിലെ താരമാണ്. അരിക്കൊമ്ബനെക്കുറിച്ചുള്ള ഏതു വാര്‍ത്തകള്‍ക്കും വായക്കാരും പ്രേക്ഷകരുമുണ്ട്. തമിഴ് നാട്ടിലെ കോതയാര്‍ കടുവ സങ്കേതം ഉള്‍പ്പെടുന്ന വനത്തില്‍ രണ്ടു മാസം മുൻപ് തുറന്നുവിട്ട അരിക്കൊമ്ബന്റെ തുമ്ബിക്കൈയിലുണ്ടായ മുറിവ് പൂര്‍ണമായി ഉണങ്ങിയെന്നതും ആന മൂന്നു തവണ കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ന്നുവെന്നതുമാണ് പുതിയ വാര്‍ത്ത. അരിക്കൊമ്ബൻ അവശനാണെന്നും നടക്കാനും തീറ്റയെടുക്കാനുമാകാതെ ബുദ്ധിമുട്ടുകയാണെന്നുമുഴള്ള ആക്ഷേപ വാര്‍ത്തകള്‍ക്ക് ഇതോടെ വിരാമമാവുകയാണ്. അരിക്കൊമ്ബൻ 75 ശതമാനം ആരോഗ്യം വീണ്ടെടുത്ത് പുതിയ ആവാസവ്യവസ്ഥതയുമായി യോജിച്ചു കഴിഞ്ഞതായി വനം വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു. അരിക്കൊമ്ബൻ രക്ഷകരായി മാറിയ ആരാധകര്‍ തുടരെ കോടതി കയറുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിശദമായ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.കളക്കാട് കടുവ സങ്കേതത്തിലെ വിവിധ പ്രദേശങ്ങളിലായി ദിവസം 17 കിലോമീറ്റര്‍ വരെയാണ് നിലവില്‍ അരിക്കൊമ്ബന്റെ സഞ്ചാരം. അരിക്കൊമ്ബന്റെ പേരില്‍ കോടതിയെ സമീപിക്കുന്ന പരാതിക്കാര്‍ക്കും ആരാധകര്‍ക്കും വ്യക്തമായ ഉത്തരം നല്‍കിക്കൊണ്ടാണ് ആരിക്കൊമ്ബൻ പൂര്‍ണ ആരോഗ്യവാനാണെന്നും തീറ്റയും ഭക്ഷണവും എടുക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് തമിഴ് നാട് വനംവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
വനം വകുപ്പിലെ 22 ഉദ്യോഗസ്ഥരാണ് നിലവില്‍ അരിക്കൊമ്ബനെ രാവും പകലും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. റേഡിയോ കോളറില്‍നിന്നും ഏറെക്കുറെ എല്ലാ ദിവസവും നീക്കം സംബന്ധിച്ച സന്ദേശങ്ങള്‍ വനംവകുപ്പിന് ലഭിക്കുന്നുമുണ്ട്. മറ്റ് കാട്ടുനകളുമായി അടുപ്പത്തിലായതോടെ അരിക്കൊമ്ബൻ കാടിന്റെ പുതിയ ആവാസവ്യവസ്ഥയുമായി യോജിച്ചുകഴിഞ്ഞതായും ഇനി ഒരു നാടിറക്കമുണ്ടാകില്ലെന്നുമാണ് വനപാലകരുടെ പൊതുവായ നിരീക്ഷണം. ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്ബനെ പെരിയാര്‍ ഉള്‍വനത്തില്‍ തുറന്നുവിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ആന ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങിവരികയായിരുന്നു. കുമളി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് സമീപമെത്തിയ ആന പിന്നീട് തമിഴ് നാട്ടിലെ വനപ്രദേശം 75 കിലോമീറ്ററുകള്‍ താണ്ടി കമ്ബത്തും സമീപപ്രദേശങ്ങളിലും വിനാശം സൃഷ്ടിക്കുകയായിരുന്നു. നിലവില്‍ അരിക്കൊമ്ബൻ കേരളത്തിന്റെ ആനയാണോ അതോ തമിഴ് നാടിന്റെ ആനയാണോ എന്ന കാര്യത്തില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.
കേരളത്തില്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, സൂര്യനെല്ലി പ്രദേശങ്ങളില്‍ വിഹരിച്ചിരുന്ന അരിക്കൊമ്ബനെ പിടികൂടി പെരിയാര്‍ വനത്തിലേക്ക് അയച്ചെങ്കിലും ഇവിടെനിന്നും ആന തമിഴ് നാട്ടിലെ ജനവാസ മേഖയിലേക്കും കമ്ബം ടൗണിലേക്കും ഇറങ്ങി നാശം വിതച്ചതോടെയാണ് ആനയെ തമിഴ് നാട്ടിലെ കോതയാര്‍ വനത്തിലേക്ക് കടത്തിയത്. ഈ സാഹചര്യത്തില്‍ അരിക്കൊമ്ബൻ നിലവില്‍ ഏതു സംസ്ഥാനത്തിന്റെ ആനയാണെന്നതിലാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.കാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചിട്ടില്ലാത്തത്തിനാല്‍ അരിക്കൊമ്ബൻ തമിഴ്നാടിന്റേതാണെന്നോ കേരളത്തിന്റേതാണെന്നോ പറയാനാവില്ലെന്നാണ് തമിഴ് നാട് വിശദമാക്കുന്നത്. ആനയുടെ മുറിവുകളെല്ലാം ഉണങ്ങിതയായും യഥേഷ്ടം വെള്ളം കുടിക്കുകയും പുല്ലുതിന്നുകയുംചെയ്യുന്നുണ്ടെന്നും തമിഴ് നാട് വനംമന്ത്രി പറയുന്നു. കാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് പ്രത്യേകം അതിര്‍ത്തി നിശ്ചയിച്ചിട്ടില്ല.
അതുകൊണ്ട് ഏതെങ്കിലും കാട്ടാന പ്രത്യേക സംസ്ഥാനത്തിന്റേതാണെന്ന് പറയാൻ പറ്റില്ല. കേരളത്തിലാവുമ്ബോള്‍ അരിക്കൊമ്ബനെന്ന് അറിയപ്പെട്ട ആനയെ ഇപ്പോള്‍ അരിശിക്കൊമ്ബൻ എന്നാണ് വിളിക്കുന്നതെന്നും തമിഴ് നാട് വനംമന്ത്രി പറയുന്നു. എന്തായാലും ചിന്നക്കനാലിലും കമ്ബത്തുനിന്നും വിവിധ ഘട്ടങ്ങളിലായി അരിക്കൊമ്ബനെ കോതയാര്‍ വനത്തില്‍ എത്തിക്കും വരെ വനംവകുപ്പിന് രണ്ടു കോടിയോളം രൂപയുടെ ചെലവു വന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏറെ വൈകാതെ കേരള, തമിഴ് നാട് വനംവകുപ്പുകള്‍ ഇത്തരത്തിലുണ്ടായ ഭാരിച്ച ചെലവുകളുടെ കണക്ക് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
തിരുനെല്‍വേലിക്കടുത്ത് കോതയാര്‍ വനത്തില്‍ കഴിയുന്ന അരിക്കൊമ്ബന്റെ വിവിധ വീഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാന വനം- പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് അരിക്കൊമ്ബന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.പ്രദേശവുമായി ഇണങ്ങിയതിനാല്‍ കേരളത്തിലേക്കോ തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കോ അരിക്കൊമ്ബൻ വരുമെന്ന ആശങ്ക ഒഴിഞ്ഞെന്നാണ് കരുതുന്നത്. തുമ്ബിക്കൈയിലുണ്ടായിരുന്ന പരുക്കിനു പുറമെ കാലിനുണ്ടായിരുന്ന പരിക്കും ഭേദമായിട്ടുണ്ട്. അതേ സമയം അരിക്കൊമ്ബനെ വീണ്ടും ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലാലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്.
അരിക്കൊമ്ബനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്ബൻ ഫാൻസ് രംഗത്തെത്തിയതോടെ ചിന്നക്കനാല്‍ മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. അരിക്കൊമ്ബൻ പോയതോടെ നാട്ടില്‍ ഐശ്വര്യം നഷ്ടമായെന്നാണ് ഒരു വിഭാഗം ദേശവാസികളുടെ പരിഭവം. അരിക്കൊമ്ബനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡിഎഫ്‌ഒ ഓഫീസിലേയ്ക്ക് സമരം നടത്താണ് നിലവിലെ നീക്കം. അതേ സമയം അരിക്കൊമ്ബനെ ഒഴിവാക്കിയതില്‍ ആശ്വാസം കൊള്ളുന്ന ഒട്ടേറെ ജനങ്ങള്‍ ഇപ്പോഴും ചിന്നക്കനാലിലും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലുമുണ്ട്.