കൊരങ്ങാട്ടി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ജീവന് ഭീഷണിയായി സ്‌കൂളിന് പിന്നില്‍ നില്‍ക്കുന്ന വലിയ ആഞ്ഞിലി മരം
അടിമാലി: കൊരങ്ങാട്ടി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ജീവന് ഭീഷണിയായിമാറിയ സ്‌കൂളിന് പിന്നില്‍ നില്‍ക്കുന്ന വലിയ ആഞ്ഞിലി മരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി. അടിമാലി പഞ്ചായത്തിലെ കൊരങ്ങാട്ടി ഗവ.ട്രൈബല്‍ ഹൈസ്‌കൂളിന്റെ പിൻവശത്താണ് വലിയ മരം അപകടാവസ്ഥയിലുള്ളത്.സ്‌കൂള്‍ അധികൃതര്‍ ഇത് വെട്ടിമാറ്റാൻ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തില്‍ അപേക്ഷ നല്‍കി. പഞ്ചായത്ത് കമ്മറ്റി ഇത് വെട്ടിമാറ്റുവാൻ സ്‌കൂള്‍ പി.റ്റി.എ.യ്ക്കും, വനം വകുപ്പിനും കാലവര്‍ഷത്തിന് മുൻപേ നിര്‍ദേശം നല്‍കിയതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ പറഞ്ഞുല്ല. സ്‌കൂളിന്റെ സ്ഥലത്ത് തന്നെയാണ് ഈ മരം നില്‍ക്കുന്നത്. വനം വകുപ്പ് ഡിവിഷണല്‍ ഓഫീസില്‍ നിന്നും ഇത് വെട്ടിമാറ്റാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഇത് വെട്ടിമാറ്റുവാൻ നടപടി സ്വീകരിക്കുമെന്നും അടിമാലി ഡപ്യൂട്ടി റേഞ്ചര്‍ ബിനോജ് പറഞ്ഞു.വെട്ടിമാറ്റേണ്ടത് സ്‌കൂള്‍ പി.റ്റി.എ. ആണെന്നും വനം വകുപ്പ് പറയുന്നു.
ഇതോടെ മരം വെട്ടിമാറ്റല്‍ നടപടി നീളുകയാണ്. 160 ലേറെ ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹൈസ്‌കൂളാണിത്.
കൊരങ്ങാട്ടി മല മുകളിലാണ് ഈ സ്‌കൂള്‍. അടുത്ത പ്രദേശത്തൊന്നും മരങ്ങള്‍ കൂടുതലായി ഇല്ല. ശക്തമായ കാറ്റാണ് ഇവിടെ വീശുന്നത്. മഴയും കാറ്റും വരുമ്ബോള്‍ കുട്ടികളും, അദ്ധ്യാപകരും ചങ്കിടിപ്പോടെയാണ് കഴിയുന്നത്. മരം വെട്ടിമാറ്റാൻ കരാറുകാരനെ വരെ ഏല്‍പ്പിച്ചെങ്കിലും വെട്ടല്‍ അനന്തമായി നീണ്ടു പോകുകയാണ്.