അതിതീവ്ര മഴ; സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടി, പാംപ്ല, മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് ഡാമുകളും പത്തനംതിട്ടയില്‍ മണിയാള്‍ ഡാമും കണ്ണൂരില്‍ പഴശ്ശി ഡാമുമാണ് തുറന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ മറ്റ് ചെറുതും വലുതുമായ ഡാമുകളിലേക്കും നീരൊഴുക്ക് വര്‍ദ്ധിച്ചു.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ചെറുഡാമുകളും നിറഞ്ഞു കവിയുകയാണ്. ഇടുക്കി ജില്ലയില്‍ രാവിലെ 7 മണിയോടെ കല്ലാര്‍ കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കന്റില്‍ 90 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പാംപ്ല ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 75 സെന്റീമീറ്ററും 30 സെന്റീമീറ്ററും വീതമുയര്‍ത്തി 105 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മൂന്നാറില്‍ ഹെഡ്‌വര്‍ക്ക്‌സ്് ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്ററും ഉയര്‍ത്തി. ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാറിനും മുതിരപ്പുഴയാറിനും ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്ബ, കക്കാട്ടാര്‍ തീരങ്ങളില്‍ തമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരില്‍ പഴശ്ശി ഡാമിന്റെ ഷട്ടര്‍ കഴിഞ്ഞദിവസം 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. രാവിലെ എല്ലാ ഷട്ടറുകളും തുറന്ന് ഡാമില്‍ നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ഡാമുകളിലേക്ക് എല്ലാം നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിരീക്ഷണവും ശക്തമാക്കി. 24 മണിക്കൂറിനിടെ ഇടുക്കി ഡാമില്‍ രണ്ട് അടി വെള്ളമുയര്‍ന്നു. 2310.26 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 116 അടിയിലേക്കുമെത്തി. ഇരു ഡാമുകളിലും കഴിഞ്ഞ വര്‍ഷത്തെതിനെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണ്. ഇതിനാല്‍ ആശങ്കപ്പെടെണ്ട സാഹചര്യമില്ല. അതേസമയം ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.