‘ഗോത്ര സാരഥിക്ക് വഴിതെറ്റുന്നു’. പേര് മാറ്റി വിദ്യാവാഹിനിയാക്കി, മഴ വന്നതോടെ പഠനം മുടങ്ങി ആദിവാസി വിദ്യാർത്ഥികൾ
ഇടുക്കി: കാലവര്‍ഷം കനക്കുമ്പോള്‍ ആദിവാസിക്കുടിലുകളില്‍ ആശങ്കയാണ്. ആര്‍ത്തലച്ചുപെയ്യുന്ന പേമാരിയില്‍ പട്ടിണി മാത്രമല്ല, കാലവര്‍ഷക്കാലത്ത് കുട്ടികളുടെ പഠനം മുടങ്ങുന്നതും പതിവാണ്. ഇക്കുറിയും അതിന് മാറ്റമില്ല. പട്ടികവര്‍ഗ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി കൂടി നിലച്ചതോടെ ഇടുക്കി ജില്ലയിലെ ആദിവാസി കുട്ടികളുടെ പഠനം പൂര്‍ണമായി മുടങ്ങുന്ന സ്ഥിതിയായി. മഴയില്‍ റോഡുകള്‍ തകര്‍ന്നതോടെ സൗജന്യ പദ്ധതി പ്രകാരമുള്ള വാഹനങ്ങള്‍ ആദിവാസി മേഖലകളിലേക്കുള്ള യാത്ര അവസാനിപ്പിച്ചതോടെയാണ് ഈ കുട്ടികളുടെ പഠനം മുടങ്ങിയത്.
വിദൂര ആദിവാസി മേഖലകളില്‍ നിന്ന് കുട്ടികളെ വാഹനത്തില്‍ സ്കൂളുകളിലെത്തിക്കാൻ പട്ടികവര്‍ഗ്ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഗോത്ര സാരഥി. ഈ വര്‍ഷം മുതല്‍ ഗോത്രസാരഥി എന്ന പേര് മാറ്റി വിദ്യവാഹിനി എന്നാക്കി മാറ്റിയിട്ടുണ്ട്. ജീപ്പുകളും ഓട്ടോറിക്ഷകളും വാടകക്കെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ആദിവാസി കുടിലുകളിലേക്ക് വാഹനങ്ങള്‍ വരാതെയാകും.
ഇടുക്കി അഞ്ചുരുളി ആദിവാസി മേഖലയില്‍ നിന്ന് സ്കൂളിലെത്തണമെങ്കില്‍ അഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യണം. ആദിവാസി മേഖലയിലേക്കുള്ള റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. കാറ്റും മഴയും ശക്തമാകുന്നതോടെ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം പൂര്‍ണ്ണമായും തടസപ്പെടും. മലയോര മേഖലകളിലെ യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കൂടി വരുന്നതോടെ ഈ കുട്ടികളുടെ വിദ്യവാഹിനി സ്‌കൂള്‍ യാത്ര തടസപ്പെടുന്ന സ്ഥിതിയാണ്.
ഗോത്രസാരഥി വിദ്യവാഹിനിയായപ്പോള്‍: പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ ഊരുകളില്‍ നിന്നും സ്കൂളുകളില്‍ എത്തിക്കുന്ന പദ്ധതിയായിരുന്നു ഗോത്രസാരഥി. ഈ വര്‍ഷം മുതല്‍ ഗോത്ര സാരഥി എന്ന പേര് മാറ്റി വിദ്യാവാഹിനി എന്ന പേരിലേക്ക് പരിഷ്‌കരിച്ചു. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലായി ഏതാണ്ട് 80,000 കുട്ടികള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നു വിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്.
മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടികവര്‍ഗ കുട്ടികള്‍ക്ക് സ്കൂളിലെത്താൻ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനാണ് വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയത്. സ്‌കൂളുകളില്‍ രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കായിരിക്കും പദ്ധതി നടത്തിപ്പ് ചുമതല. പട്ടിക വര്‍ഗക്കാരായ ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും കൂടി ജോലിയും വരുമാനവും ഉറപ്പാക്കുന്ന രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്.
സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയനുസരിച്ച് എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് സ്‌കൂളിലെത്താൻ അരകിലോമീറ്ററില്‍ കൂടുതലും യുപി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു കിലോമീറ്ററില്‍ കൂടുതലും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ട് കിലോമീറ്ററില്‍ കൂടുതലും ദൂരമുണ്ടെങ്കില്‍ അനുയോജ്യമായ വാഹനം ഏര്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം.
ഇത്തവണ പദ്ധതി വിദ്യാവാഹിനി എന്ന പേരിലേക്ക് മാറി വ്യവസ്ഥകളില്‍ മാറ്റം വന്നതോടെ കഴിഞ്ഞ അധ്യയനവര്‍ഷം വരെ ഗോത്രസാരഥി പദ്ധതിയിലുള്‍പ്പെട്ട കുട്ടികളില്‍ പലര്‍ക്കുമിപ്പോള്‍ സൗജന്യയാത്ര ഇല്ലെന്നും പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമ്ബത്തിക ബാധ്യത വന്നതോടെയാണ് പദ്ധതി പട്ടികവര്‍ഗവകുപ്പ് ഏറ്റെടുക്കുകയും നിബന്ധനകളില്‍ മാറ്റം വരുത്തുകയും ചെയ്തത്.
ദുര്‍ഘടപാതകളുള്ള ഊരുകളിലേക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തിയതാണ് ആദിവാസി മേഖലയിലെ മിക്ക കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കാതെയായത്. ബസ് സര്‍വീസ് ഇല്ലാത്ത മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കണം. ഈ ചിലവ് താങ്ങാൻ രക്ഷിതാക്കള്‍ക്കും സാധിക്കുന്നില്ല. സൗജന്യയാത്ര സാധ്യമാകാതെ വന്നതോടെ ഗോത്രവിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കുറവ് പ്രതിഫലിക്കുന്നുണ്ടെന്ന് അധ്യാപകരും പറയുന്നു.