ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ 16 ശതമാനം ജലം മാത്രം
തൊടുപുഴ: കാലവര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്ബോള്‍ കെ.എസ്.ഇ.ബിക്ക് കീഴിലുള്ള അണക്കെട്ടുകളില്‍ ശരാശരി 16 ശതമാനം ജലം മാത്രം. കഴിഞ്ഞവര്‍ഷം ഇതേസമയം 36 ശതമാനമുണ്ടായിരുന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 14.44 ശതമാനം മാത്രമാണ്.
തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2306.60 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 35 അടിയിലേറെ കുറവാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നേരത്തേ ഈ മാസം ആദ്യം ജലനിരപ്പ് 20 ശതമാനത്തില്‍ താഴെ എത്തിയിരുന്നു.
പിന്നീട് മഴ ഇടവിട്ട് എത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല. ഇതിന് മുമ്ബ് സമാനമായി ജലനിരപ്പ് താഴ്ന്നത് 2019 ജൂണിലാണ്. പ്രളയത്തിന് ശേഷം അന്ന് സംഭരണിയിലെ ജലനിരപ്പ് കുറച്ച് നിര്‍ത്തിയതായിരുന്നു അതിന് കാരണം. കാലവര്‍ഷത്തില്‍ ഇതുവരെ 70 ശതമാനം മഴയുടെ കുറവാണ് ജില്ലയിലുള്ളത്. 813.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 242.2 മില്ലി മീറ്റര്‍ മഴ മാത്രമാണ് ജില്ലയില്‍ ലഭിച്ചത്.ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തില്‍) ഇടുക്കി- 14.4, കുണ്ടള- 33, മാട്ടുപ്പെട്ടി- 37, പൊന്മുടി- 13.