ജില്ലയില്‍ നാളെ (04) റെഡ് അലര്‍ട്ട്:ജാഗ്രത തുടരണം-ജില്ലാ കളക്ടര്‍
*ജില്ലയില്‍ നാളെ (04) റെഡ് അലര്‍ട്ട്:*
*ജാഗ്രത തുടരണം-ജില്ലാ കളക്ടര്‍*
*ദേശീയ ദുരന്തനിവാരണസേന ജില്ലയില്‍*
ഇടുക്കിയില്‍ നാളെ (4) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല മഴക്കാല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തനിവാരണസേനയിലെ സബ് ഇന്‍സ്പെക്ടര്‍ എസ്.സി കുമാവത്, എ.എസ്.ഐ അനീഷ് എസ് എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ ടീം ജില്ലയിലെത്തിയിട്ടുണ്ട്.
അപകടഭീഷണിയായി നില്‍ക്കുന്ന മരങ്ങളുണ്ടെങ്കില്‍ അവ അടിയന്തരമായി നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ്, ബോര്‍ഡ് തുടങ്ങിയവ നീക്കം ചെയ്യുകയും അല്ലാത്തവയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. റോഡുകളിലും പാലങ്ങളിലും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്യണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകാനിടയുള്ള ദുരന്ത സാധ്യതാ മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി വെക്കണം. ദുര്‍ബല മേഖലകളായി അടയാളപ്പെടുത്തിയ വിഭാഗങ്ങളെയും നദീതീരങ്ങളില്‍ താമസിക്കുന്നവരെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും ക്യാമ്പുകള്‍ സജ്ജമാക്കി മാറ്റി താമസിപ്പിക്കണം.
ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനോ പാടുള്ളതല്ല. ഇത് തടയാന്‍ പോലീസ്, വനം, ടൂറിസം വകുപ്പുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് തലത്തിലുള്ള ദുരന്തനിവാരണത്തിനും ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ സ്റ്റാഫും, ഫീല്‍ഡ് സ്റ്റാഫും ഫോണ്‍ കോളില്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഉറപ്പാക്കിയിട്ടുണ്ട്.
വന്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ ജില്ലയിലെ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാന്‍ സജ്ജമാണെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ലയങ്ങളില്‍ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ കെ.എസ്.ഇ.ബി യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും തൊഴിലാളികള്‍ സജ്ജരാണെന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
താലൂക്ക് തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ താലൂക്കിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായും കളക്ടര്‍ അറിയിച്ചു. ദേവികുളം താലൂക്ക് – ദേവികുളം സബ് കളക്ടര്‍, ഇടുക്കി താലൂക്ക് – ഇടുക്കി സബ് കളക്ടര്‍, പീരുമേട് താലൂക്ക് – കുമളി അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍, തൊടുപുഴ താലൂക്ക്- ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ, ഉടുമ്പന്‍ചോല താലൂക്ക്- ഡെപ്യൂട്ടികളക്ടര്‍ എല്‍.ആര്‍ എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍. യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.