കാണാൻ മനോഹരം: വേണം ജാഗ്രത
തൊടുപുഴ: മണ്‍സൂണ്‍ ആസ്വദിക്കുന്നതിനും മറ്റുമായി ഒട്ടേറെ സഞ്ചാരികള്‍ ഇടുക്കിയിലേക്കെത്തുന്ന സമയം കൂടിയാണ് ഇപ്പോള്‍. ഇവര്‍ വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങുന്നതും ജലാശയങ്ങളില്‍ നീന്തിക്കളിക്കുന്നതുമെല്ലാം പതിവ് കാഴ്ചകളാണ്.
പക്ഷേ, ചിലയിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. പല വെള്ളച്ചാട്ടങ്ങളുടെയും അടുത്ത് സുരക്ഷാവേലി ഇല്ലാത്തതിനാല്‍ വഴുക്കലുള്ള പാറയില്‍ കാല്‍തെറ്റിയാല്‍ സഞ്ചാരികള്‍ താഴ്ചയിലേക്ക് വീണ് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്.
ഒട്ടേറെ സഞ്ചാരികള്‍ വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തുന്ന ഇടമാണ് അടിമാലിക്ക് സമീപമുള്ള ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍. ഇവിടങ്ങളില്‍നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും സെല്‍ഫി എടുക്കുന്നതിനും മഴക്കാലങ്ങളില്‍ വലിയ തിരക്കാണ്. പാതയുടെ ഫില്ലിങ് സൈഡില്‍ അഗാധമായ താഴ്ചയുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകാൻ സാധ്യതയുണ്ട്. മുമ്ബ് വാളറ വെള്ളച്ചാട്ടത്തിന് എതിര്‍വശത്തുനിന്ന് ചിത്രം പകര്‍ത്തുമ്ബോള്‍ വീണ് സഞ്ചാരിക്കു പരിക്കേറ്റിരുന്നു. ഇത്തരം സാഹചര്യത്തില്‍ വെള്ളച്ചാട്ടങ്ങള്‍ അപകടമില്ലാതെ കണ്ട് ആസ്വദിക്കാൻ ഉറപ്പുള്ള വേലി ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ അനിവാര്യമാണ്. സഞ്ചാരികള്‍ ജാഗ്രത പുലര്‍ത്തേണ്ട മറ്റൊരു സ്ഥലമാണ് കട്ടപ്പനക്ക് സമീപം അഞ്ചുരുളി.
വഴുക്കലും കുഴികളും വെളിച്ചക്കുറവുമുള്ള തുരങ്കത്തിനുള്ളിലും അപകടാവസ്ഥ നിലനില്‍ക്കുകയാണ്. വാഹനങ്ങള്‍ പാര്‍ക്കു ചെയ്തശേഷം തുരങ്കത്തിന് സമീപത്തേക്ക് പോകാനുള്ള നടപ്പുവഴിയും തകര്‍ന്ന നിലയിലാണ്. കല്ലുകള്‍ കൂടിക്കിടക്കുന്ന ഇതുവഴി സാഹസികമായി മാത്രമേ ഇറങ്ങിപ്പോകാൻ സാധിക്കുകയുള്ളൂ.
മുമ്ബ് ഇവിടെ സുരക്ഷാവേലി നിര്‍മിച്ചിരുന്നെങ്കിലും ശക്തമായ വെള്ളമൊഴുക്കിനെ തുടര്‍ന്ന് അത് നശിച്ചുപോയി.