വെള്ളയാംകുടി തപാൽ ഓഫീസ് കെട്ടിടമാറ്റം;നഗരസഭ പ്രമേയം പാസാക്കി ജനപ്രതിനിധികൾക്ക് നൽകുമെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ.കെട്ടിടം ഒഴിയേണ്ടി വന്നാൽ പോസ്റ്റ് ഓഫീസ് നിർത്തലാക്കുമോയെന്ന ജനങ്ങളുടെ ആശങ്ക ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നഗരസഭയുടെ പുതിയ തീരുമാനം
വെള്ളയാംകുടി തപാൽ ഓഫീസ് കെട്ടിടമാറ്റം സംബന്ധിച്ച് നഗരസഭ പ്രമേയം പാസാക്കി എം പി , എം എൽ എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് നൽകുമെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ.കെട്ടിടം ഒഴിയേണ്ടി വന്നാൽ പോസ്റ്റ് ഓഫീസ് നിർത്തലാക്കുമോയെന്ന ജനങ്ങളുടെ ആശങ്ക ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നഗരസഭയുടെ പുതിയ തീരുമാനം.രണ്ട് പതിറ്റാണ്ടോളമായി വെള്ളയാംകുടിയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം14 നാണ് കട്ടപ്പന നഗരസഭാ സെക്രട്ടറി പോസ്റ്റ്മാസ്റ്ററിന് കത്ത് നൽകിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജീർണ്ണാവസ്ഥയിലായ കെട്ടിടം നവീകരിക്കേണ്ടതിനാൽ ഒഴിയണമെന്നാണ് കത്തിലുള്ളത്.എന്നാൽ തപാൽ ഓഫീസ് പ്രവർത്തിക്കുവാനുള്ള പകരം സൗകര്യം ഏർപ്പെടുത്തുന്നതിൽ വ്യക്തതയില്ലാതെ വന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികെയായിരുന്നു. ഓഫീസിന് പ്രവർത്തിക്കാൻ നഗരസഭാ സൗകര്യം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടാണ് വെളളയാംകുടിയിലെ ജനകീയ സംഘടനകൾ ഇന്ന് നഗരസഭാ അധ്യക്ഷയ്ക്ക് നേരിട്ടെത്തി നിവേദനം നൽകിയത് .പോസ്റ്റ്ഓഫീസ് നിലനിർത്തുന്ന കാര്യത്തിൽ ഉചിതമായ നടപടി നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് നിവേദനം നൽകിയവരുടെ പ്രതീക്ഷ.അതേ സമയം തപാൽ ഓഫീസ് പ്രവർത്തിക്കുവാൻ പകരം സൗകര്യം ഏർപ്പെടുത്തി നൽകുന്നതിൽ നഗരസഭയ്ക്ക് പരിമിതിയുണ്ടെന്ന് ഭരണസമിതി പറഞ്ഞു.ഇക്കാര്യത്തിൽ പ്രമേയം പാസാക്കി എം പി, എം എൽ എ അടക്കമുള്ള ജനപ്രതിനിധികളെ അറിയിക്കുമെന്ന് അധ്യക്ഷ ഷൈനി സണ്ണി വ്യക്തമാക്കി.പോസ്റ്റോഫീസ് പ്രവർത്തിക്കാൻ പകരം സൗകര്യം ലഭിച്ചില്ലെങ്കിൽ ഓഫീസ് നിർത്താലാക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.ഇത്തരത്തിൽ നിർത്തലാക്കേണ്ട സാഹചര്യമുണ്ടായാൽ കട്ടപ്പന നഗരസഭയിലെ എട്ട് വാർഡുകളിലുള്ള മൂവായിരത്തോളം കുടുംബങ്ങളുടെ ആധാർ മുതൽ പാസ്പോർട്ട് വരെയുള്ള എല്ലാ രേഖകളിലും വിലാസം മാറ്റേണ്ടി വരിക.