ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കണ്ണംപടി ആദിവാസി ഊരുകളിലെ സരുണ്‍ സജിയെ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വില്പന നടത്തി എന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. പീരുമേട് ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ ആണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനെ അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി വില്പന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ സെപ്തംബര്‍ 20നാണ് സരുണ്‍ സജിയെ കിഴുക്കാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എൻ ആര് ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എൻ മോഹനൻ എന്നിവരെ സസ്പെൻഡ് ചെയ്തത്. വൈല്‍ഡ് ലൈഫ് വാര്ഡൻ രാഹുലും കേസിലെ പ്രതിയാണ്.
തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുണ്‍ സജി എസ് സി എസ് ടി കമ്മിഷന് പരാതി നല്‍കിയതാണ് വഴിത്തിരിവായത്. കുമളിയില്‍ നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ വി എസ് മാവോജി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തി 13 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.