അമ്മയ്ക്കും ഭാര്യയ്ക്കും ഒന്നും പകരമാകില്ല: സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍
ന്യൂഡല്‍ഹി: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി.
ഇസ്രായേല്‍ എംബസ്സിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
‘സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും’- ക്ലീന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയോ, ശനിയോ സൗമ്യ സന്തോഷിന്റെ മൃതദേഹം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീനുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇസ്രയേലില്‍ പൗരന്‍മാര്‍ക്കും ഇന്ത്യക്കാര്‍ക്കും നല്‍കുന്ന സംരക്ഷണത്തില്‍ വേര്‍തിരിവുണ്ടാകില്ലെന്നും ക്ലീന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട്ട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ റോക്കറ്റ് പതിച്ചത്.