ജില്ലയിൽ അപകടസാധ്യത ഒട്ടുമില്ലാത്ത വെള്ളച്ചാട്ടം, ‘ആനചാടിക്കുത്ത്’. സന്ദര്‍ശിക്കാൻ എത്തുന്നത് നിരവധി ആളുകള്‍
ഇടുക്കി : മാരിവില്ലിന്‍റെ മനോഹാരിതയില്‍ കണ്ണിന് കൗതുകവും മനസിന് കുളിര്‍മയുമായി ഇടുക്കിയിലെ ആനചാടിക്കുത്ത് വെള്ളച്ചാട്ടം. അപകടസാധ്യത ഒട്ടുമില്ലാത്ത ഇടുക്കിയിലെ ഏക വെള്ളച്ചാട്ടമാണ് ആനചാടിക്കുത്ത്. പ്രകൃതിയുടെ ഈ ഇന്ദ്രജാലം കാണാൻ സന്ദര്‍ശകരുടെ പ്രവാഹമാണ്.
മനം മയക്കുന്ന കാഴ്‌ചകളൊരുക്കിയാണ് വണ്ണപുറം പഞ്ചായത്തിലെ ആനചാടിക്കുത്ത് വെള്ളച്ചാട്ടം സഞ്ചാരികളെ വരവേല്‍ക്കുന്നത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ ആനചാടിക്കുത്ത് രൗദ്രഭാവത്തിലാകുമെങ്കിലും അപകട സാധ്യതയില്ലാത്ത വെള്ളച്ചാട്ടം കാണാൻ നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. കൂറ്റൻ പാറയില്‍ തട്ടി നുരയും പതയുമായി പതിക്കുന്ന വെള്ളച്ചാട്ടം ഒരേസമയം കണ്ണിന് കൗതുകവും മനസിന് കുളിര്‍മയും പകരുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ തൊമ്മൻകുത്തിനു സമീപത്തായുള്ള വെള്ളച്ചാട്ടമാണ് ആനചാടികുത്ത് വെള്ളച്ചാട്ടം അഥവ ആനയടിക്കുത്ത് വെള്ളച്ചാട്ടം. വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം പദ്ധതിയില്‍ ഇടം നേടിയ തൊമ്മൻകുത്ത് വെള്ളച്ചാട്ടം സമീപത്തുണ്ടെങ്കിലും ആനചാടികുത്തിനോടാണ് സഞ്ചാരികള്‍ക്ക് പ്രിയം.
മഴക്കാലത്ത് മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയില്‍ ആസ്വദിക്കാൻ സാധിക്കൂ. ജൂണ്‍ മുതല്‍ ഒക്ടോബര്‍ മാസം വരെയാണ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാൻ അനുയോജ്യമായ സമയം. പ്രദേശവാസികളാണ് വെള്ളച്ചാട്ടത്തിനെ ആനചാടിക്കുത്ത് എന്ന് വിളിച്ചു തുടങ്ങിയത്. പരിസരവാസികള്‍ പറയുന്നതനുസരിച്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം.
ഒരിക്കല്‍ രണ്ട് കൊമ്ബൻമാര്‍ വെള്ളച്ചാട്ടത്തിനു മുകളിലെ പാറയുടെ മുകളില്‍ കൊമ്ബ് കോര്‍ക്കുകയും അതില്‍ ഒരു ആന പാറയില്‍ നിന്ന് വഴുതി താഴേക്ക് വീഴുകയും ചെയ്‌തതുകൊണ്ടാണ് ആനചാടിക്കുത്തെന്ന പേര് കിട്ടിയതെന്നും പറയപ്പെടുന്നു. വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഇത്.
വെള്ളച്ചാട്ടങ്ങള്‍ സാധാരണ ഗതിയില്‍ അപകട സാധ്യത ഏറിയ മേഖലകളാണ്. എന്നാല്‍ ആനചാടിക്കുത്തിലെ സ്ഥിതി അല്‍പം വ്യത്യസ്‌തമാണ്. കാലവര്‍ഷത്തില്‍ വെള്ളച്ചാട്ടം ശക്തിപ്രാപിച്ചാലും അപകടം വരുത്തില്ല. ഇതിനടുത്തുള്ള തൊമ്മൻകുത്തു വെള്ളച്ചാട്ടം അപകട സാധ്യത ഏറെ ഉള്ള സ്ഥലമാണ്. സഞ്ചാരികള്‍ക്ക് വെള്ളത്തില്‍ ഇറങ്ങാൻ അനുവാദവുമില്ല.
തൊമ്മൻകുത്തില്‍ ചെന്ന് വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത മാറി നിന്ന് ആസ്വദിച്ച് തിരിച്ചു വരാനേ നിര്‍വാഹം ഉള്ളു. എന്നാല്‍ ആനചാടിക്കുത്ത് വെള്ളച്ചാട്ടം അപകട രഹിതവും അതിമനോഹരവുമാണ്. ജലപാതത്തിന്‍റെ ചുവട്ടില്‍ നിന്ന് കൊണ്ട് കുളിര്‍മ ആസ്വദിക്കുകയും ചെയ്യാം. ഇക്കാരണങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ വീണ്ടുമെത്താൻ പ്രേരിപ്പിക്കുന്നത്.
കോട്ടയം ഭാഗത്ത് നിന്ന് വരുന്നവര്‍ തൊടുപുഴ ടൗണില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ തൊമ്മൻകുത്ത് ജങ്‌ഷനില്‍ എത്താം. അവിടെ നിന്ന് വണ്ണപ്പുറം പോകുന്ന വഴി ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ആനചാടിക്കുത്തില്‍ എത്താം. ബസില്‍ വരുന്നവര്‍ തൊടുപുഴയില്‍ നിന്ന് തൊമ്മൻക്കുത്തു ജങ്‌ഷനില്‍ ഇറങ്ങി, ഓട്ടോപിടിച്ച് വെള്ളച്ചാട്ടത്തിന്‍റെ അടുത്തെത്താം.
വേനല്‍ മഴ ശക്തമായതോടെയാണ് വെള്ളച്ചാട്ടങ്ങളുടെ നാടായ ഇടുക്കിയില്‍ ജലപാതങ്ങള്‍ സജീവമായത്. മണ്‍സൂണ്‍ കാഴ്‌ചകള്‍ കാണാനും പച്ചപ്പും കുളിരും ആസ്വദിക്കാനും നിരവധി സഞ്ചാരികളാണ് മലകയറി എത്തുന്നത്. ജില്ലയിലെ പ്രധാന പാതയോരങ്ങള്‍ എല്ലാം വെള്ളച്ചാട്ടത്താല്‍ സമൃദ്ധമായിരിക്കുകയാണ്.