AEO ടോമി ഫിലിപ്പ് പടിയിറങ്ങി
32 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ടോമി ഫിലിപ്പ് തോട്ടമറ്റം കർമ്മ രംഗത്തു നിന്നും വിരമിച്ചു.
എളിമയും ലാളിത്യവും മനസ്സിൽ സൂഷിക്കുന്ന വാഴവര സ്വദേശിയായ ഇദ്ദേഹം 1992 ൽ ഗണിത ശാസ്ത്ര അധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചു.
അവിഭക്ത കോതമംഗലം രൂപതയിലെ മാങ്കുളം, വാഴത്തോപ്പ്, ചെമ്മണ്ണാർ , ഇരട്ടയാർ സ്കൂളുകളിലെ 6 വർഷത്തെ സേവനത്തിനു ശേഷം 1999 ൽ ഗവൺമെന്റ് സർവ്വീസിൽ ഹൈസ്കൂൾ അധ്യാപകനായി നിയമിതനായി.
തുടർന്ന് വാഴത്തോപ്പ് വി.എച്ച്.എസ്.ഇ സ്കൂളിലും കല്ലാർ ഗവ.എച്ച്.എസ് .എസിലും ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകനായി 13 വർഷക്കാലം സേവനം ചെയ്തു.
2020 ജൂൺ മുതൽ കട്ടപ്പനയിൽ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു. കട്ടപ്പനയിൽ തന്നെ ജനിച്ചു വളർന്ന പ്രഥമ വിദ്യാഭ്യാസ ഓഫിസറായിരുന്നു ഇദ്ദേഹം.
വിദ്യാഭ്യാസ രംഗത്തെ സജീവ പ്രവർത്തകനായ ടോമി ഫിലിപ്പ് അധ്യാപകപരിശീലന പരിപാടി ഉൾപ്പെടെ ഒട്ടേറെ പരിശീലന പ്രോഗ്രാമുകളിൽ ഡി. ആർ ജി , എസ്.ആർ.ജി പരിശീലകൻ, മാത്സ് ക്ലബ് സെക്രട്ടറി, വിവിധ ഉപജില്ലാ,ജില്ലാ മേളകളുടെ കൺവീനർ എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കട്ടപ്പനയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉത്ഘാടനം ചെയ്തിരുന്നു. ഡീൻ കുര്യാക്കോസ് MP മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ടോമി ഫിലിപ്പ് തന്റെ സ്കൂൾ, കോളജ് പഠന കാലത്തെ അധ്യാപകരെ ആദരിച്ചത് ഏറെ ശ്രദ്ധേയമായി.
അധ്യാപക സംഘടനാ രംഗത്ത് സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം GSTU , KPSTA സംഘടനകളുടെ സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിരുന്നു.
സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ് സാഹിത്യം. ജേർണലിസം, കമ്പൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം ജോലി ചെയ്ത സ്ഥാപനങ്ങളിലെല്ലാം ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനത്തിനും അക്കാദമിക മികവ് ഉയർത്തുന്നതിനും ക്രീയാത്മകമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
2015 ൽ ജി.എസ്.ടി.യു ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠാ സംസ്ഥാന അവാർഡും 2023 ൽ ഗവ.സ്ക്കൂൾ അധ്യാപക ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള ജവഹർ ശ്രേഷ്ഠ പുരസ്കാര അംഗീകാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
സാംസ്കാരിക, സാമൂഹ്യ സേവന മേഖലകളിലെ പ്രവർത്തനങ്ങളിൽ തല്പരനായ ഇദ്ദേഹം കട്ടപ്പന YMCA, GSTWO, കട്ടപ്പന സുരക്ഷാ സൊസൈറ്റി എന്നീ സംഘടനകളിലെ എക്സിക്യൂട്ടീവ് അംഗമാണ്. വെള്ളയാംകുടി SJHSS അധ്യാപിക സലോമി ജോസഫാണ് ഭാര്യ. മക്കൾ അഞ്ജലി. ഏയ്ഞ്ചലാ, നിർമൽ.