കട്ടപ്പന നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട അജണ്ടയിൽ എൽഡിഎഫ് കൗൺസിലർമാർ വിയോജിപ്പ് രേഖപ്പെടുത്തി
വേണ്ടത്ര ആലോചനകൾ ഇല്ലാതെ പരിഷ്‌ക്കരണം നടപ്പാക്കാൻ നടപടിയെടുക്കുന്നെന്ന് ആരോപിച്ചായിരുന്നു വിയോജിപ്പ്. ജൂൺ 9ന് ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ കൂടുതൽ നിർദേശങ്ങളാണ് കൗൺസിലിന്റെ പരിഗണനയ്ക്കു വന്നത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾ പുറപ്പെടുന്നതിന് 10 മിനിറ്റു മുൻപും ഷട്ടിൽ സർവീസ് നടത്തുന്ന ബസുകൾ പുറപ്പെടുന്നതിന് 20 മിനിറ്റും മുൻപ് മാത്രമേ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാവൂ എന്നാതാണ് പുതുതായി വന്ന ഒരു നിർദേശം. കൂടാതെ, ബസ് സ്റ്റാൻഡിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ വിദ്യാർഥികളെ നിയന്ത്രിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തുക, താലൂക്ക് ആശുപത്രിക്കു സമീപം റോഡിൽ ഒരുവശത്ത് മാത്രം വാഹനങ്ങൾ പാർക്കു ചെയ്യുക, പൊതുമാർക്കറ്റിൽ വലിയ വാഹനങ്ങൾക്ക് ലോഡ് ഇറക്കാനുള്ള സമയം രാവിലെ 10ന് മുൻപായി നിജപ്പെടുത്തുക എന്നീ നിർദേശങ്ങളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഗണനയ്ക്കു വന്നപ്പോൾ സിഐടിയുവിനോട് അടക്കം ആലോചിക്കാതെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. എന്നാൽ എല്ലാവരോടും ആലോചിച്ചശേഷമാണ് തീരുമാനം എടുത്തതെന്നും അതിനൊപ്പം കൂടുതലായി വന്ന നിർദേശങ്ങളാണ് കൗൺസിലിന്റെ പരിഗണനയ്ക്ക് വച്ചിരിക്കുന്നതെന്നും ചെയർപഴ്‌സൻ ഷൈനി സണ്ണി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വിയോജിപ്പ് ഉള്ളതായി എൽഡിഎഫ് കൗൺസിലർമാർ അറിയിക്കുകയായിരുന്നു.
നത്തുകല്ലിനും വള്ളക്കടവിലും ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ആരംഭിക്കാൻ തീരുമാനിച്ചു. ഈ സെന്ററുകളിലേക്ക് ഫർണിച്ചർ, മറ്റ് അനുബന്ധ സാമഗ്രികൾ മുതലായവ ടെൻഡർ ഗുണനിലവാരം ഉറപ്പാക്കി വാങ്ങാൻ സെക്രട്ടറിയെ ചുമതലപ്പെടുത്താനും തീരുമാനമായി.