‘അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്
അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ചത് കൊടും ക്രൂരതയാണെന്നാണ് ഈ യുവാവിന്റെ പക്ഷം. ആനയുടെ നിരപരാധിത്വം മലയാളികൾ തിരിച്ചറിയണം. ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലെ അരിക്കൊമ്പനെ കൊന്നിട്ടില്ല. ആനയുടെ ആവാസ്ഥവ്യവസ്ഥ മനുഷ്യർ കയ്യടക്കിയതുകൊണ്ടാണ് ആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നതെന്ന് രേവദ് പറഞ്ഞു. രേവദിന്റെ യാത്ര കാസർഗോട്ട് നിന്ന് ആരംഭിച്ചു. ഓരോ ദിവസവും 100 കിലോ മീറ്റർ സഞ്ചരിക്കും. നാട്ടുകാരുമായി വിഷയം സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കാണുക കൂടിയാണ് രേവദിന്റെ ലക്ഷ്യം.