വിസ കിട്ടാൻ പ്രാർത്ഥിക്കാം, മദ്യവും നൂഡിൽസും പ്രസാദം, ആരാധിക്കുന്നത് ബുള്ളറ്റിനെ; അസാധാരണമായ ചില ക്ഷേത്രങ്ങൾ
വളരെ വിചിത്രമെന്ന് തോന്നുന്ന ചില ആരാധനാലയങ്ങളും ആരാധനാ രീതികളും ഇന്ത്യയിൽ നിലവിലുണ്ട്. രാജസ്ഥാനിലെ ബുള്ളറ്റ് ബാബ ക്ഷേത്രം, കൊൽക്കത്തയിലെ അമിതാബ് ഭച്ചൻ ക്ഷേത്രം, കൊൽക്കത്തയിലെ ചൈനീസ് കാളി ക്ഷേത്രം, മധ്യ പ്രദേശിലെ കാലഭൈരവ ക്ഷേത്രം, തെലങ്കാനയിലെ വിസ ബാലാജി ക്ഷേത്രം എന്നിവ അതിൽ ചിലത് മാത്രമാണ്. ഇനി എന്താണ് ഇവിടങ്ങളിലെ പ്രത്യേകത എന്നല്ലേ? ബുള്ളറ്റ് ബാബ ക്ഷേത്രം, രാജസ്ഥാൻ
രാജസ്ഥാനിൽ ഒരുപാട് ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്ന ക്ഷേത്രമാണ് ബുള്ളറ്റ് ബാബ ക്ഷേത്രം. 350 സിസി റോയൽ എൻഫീൽഡ് ബുള്ളറ്റാണ് ഇവിടുത്തെ പ്രതിക്ഷ്ഠ. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള പാലി പട്ടണത്തിനടുത്തുള്ള ചോട്ടില ഗ്രാമത്തിലാണ് ഈ ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന ധാം എന്നായിരുന്നു ക്ഷേത്രത്തിന്റെ ആദ്യത്തെ പേര്.
1988 ഡിസംബർ 2 -ന്, പാലിയിലെ സന്ദേറാവുവിന് സമീപമുള്ള ബംഗ്ഡി എന്ന പട്ടണത്തിൽ നിന്ന് ചോട്ടിലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഓം ബന്ന. ആ സമയത്ത് അദ്ദേഹത്തിന്റെ എൻഫീൽഡിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വണ്ടി മരത്തിലിടിക്കുകയും ചെയ്തു. ഓം ബന്ന തൽക്ഷണം തന്നെ മരിച്ചു. ബുള്ളറ്റ് സമീപത്തെ കുഴിയിലാണ് ചെന്ന് വീണത്. പൊലീസ് ബുള്ളറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, പിറ്റേദിവസം ആയപ്പോൾ ബുള്ളറ്റ് സ്റ്റേഷനിൽ നിന്നും അപ്രത്യക്ഷമാവുകയും അപകടം നടന്ന അവിടുത്തെ കുഴിയിൽ തന്നെ ചെന്നുവീണു എന്നുമാണ് പറയുന്നത്. വീണ്ടും പൊലീസ് ബുള്ളറ്റ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. അതിൽ നിന്നും ഇന്ധനമൂറ്റി കാലിയാക്കുകയും അത് ലോക്ക് ചെയ്യുകയും ഒക്കെ ചെയ്തിട്ടും പിറ്റേന്നും ബുള്ളറ്റ് അപ്രത്യക്ഷമാവുകയും കുഴിയിൽ തന്നെ ചെന്ന് നിൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. അതോടെയാണ് ബുള്ളറ്റിനെ ആരാധിക്കാനും അവിടെ ബുള്ളറ്റ് ബാബ ക്ഷേത്രം ഉണ്ടാവുകയും ചെയ്തത്.