സർഫറാസിനെ ടീമിലെടുക്കാത്തതിനു കാരണം ശരീരഭാരവും ഫീൽഡിലെ പെരുമാറ്റവുമെന്ന് റിപ്പോർട്ട്
വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയിച്ച് ബിസിസിഐ. കളിയല്ല, മറ്റ് ചില കാര്യങ്ങളാണ് ഇതിനു പിന്നിലെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സർഫറാസ് ഖാൻ ശരീരഭാരം കുറയ്ക്കണമെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സർഫറാസ് വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്നതിന് പിന്നിലെ കാരണം ക്രിക്കറ്റ് മാത്രമല്ല. തുടർച്ചയായ സീസണുകളിൽ 900-ലധികം റൺസ് നേടിയ ഒരു കളിക്കാരനെ പരിഗണിക്കാത്ത സെലക്ടർമാർ വിഡ്ഢികളാണോ? അദ്ദേഹത്തെ പരിഗണിക്കാത്തതിനു കാരണം രാജ്യാന്തര നിലവാരമില്ലാത്ത ശാരീരികക്ഷമതയാണ്. സർഫറാസ് ശരീരഭാരം കുറച്ച്, മെലിഞ്ഞ് കൂടുതൽ ഫിറ്റാവണം. ബാറ്റിംഗ് ഫിറ്റ്നസ് മാത്രമല്ല തിരഞ്ഞെടുക്കാനുള്ള ഏക മാനദണ്ഡം. ഫീൽഡിലും പുറത്ത് സർഫറാസിൻ്റെ പെരുമാനം അത്ര നല്ലതല്ല. ചില ആംഗ്യങ്ങൾ, ചില പെരുമാറ്റങ്ങൾ ഒക്കെ ഉണ്ടായി. കുറച്ചുകൂടി അച്ചടക്കത്തോടെയുള്ള പെരുമാറ്റമുണ്ടാവണമെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മൂന്ന് രഞ്ജി സീസണുകളിലായി 2566 റൺസ് നേടിയ സർഫറാസിനെ തുടരെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.