12 വയസുകാരി ദുര്‍ഗ ഇനി പുത്തൂരുണ്ടാകും; രണ്ടാമത്തെ കടുവയേയും സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ രണ്ടാമത്തെ കടുവയേയും എത്തിച്ചു. നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നാണ് ദുര്‍ഗയെന്ന കടുവയെ ഇന്ന് രാവിലെ പുത്തൂരില്‍ എത്തിച്ചത്. രണ്ടുമാസം മുമ്പ് സുവോളജി പാര്‍ക്കില്‍ എത്തിച്ച വൈഗ എന്ന കടുവ ജീവനക്കാരുമായി ഇണങ്ങിക്കഴിഞ്ഞു. ദുര്‍ഗ എന്നാണ് പേരെങ്കിലും ശാന്ത സ്വഭാവമെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍ ലോറിയില്‍ നിന്ന് കൂട്ടിലേക്ക് മാറിയതോടെ ദുര്‍ഗ എല്ലാവരെയും വിറപ്പിച്ചു. ദുര്‍ഗയുടെ മുഴക്കമുള്ള ശബ്ദമാണ് കാഴ്ചക്കാരെ പെട്ടെന്ന് ഭയചകിതരാക്കിയത്. എന്നാല്‍ വളരെ വേഗം ദുര്‍ഗ പരിസരത്തോട് ഇണങ്ങിച്ചേരുകയായിരുന്നു. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയില്‍ ഭീതി പരത്തിയ കടുവയെ പിടികൂടുന്നത് 2017ലാണ്. ഇപ്പോള്‍ 12 വയസുണ്ട്. നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ദുര്‍ഗ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. നെയ്യാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അവസാന അന്തേവാസിയായിരുന്നു ദുര്‍ഗ. പ്രത്യേകം സജ്ജീകരിച്ച കൂട്ടിലായിരുന്നു കടുവയെ പുത്തൂരില്‍ എത്തിച്ചത്. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ദുര്‍ഗയെ സ്വീകരിച്ചു. 2024 ആദ്യം സുവോളജി പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. വൈഗ എന്ന കടുവയെ രണ്ടു മാസം മുമ്പ് പുത്തൂരെത്തിച്ചിരുന്നു. വൈഗ ക്വറന്റൈന്‍ പീരീഡ് പൂര്‍ത്തിയാക്കി ജീവനക്കാരുമായി ഇണങ്ങി കഴിഞ്ഞു. ഇപ്പോഴെത്തിയ ദുര്‍ഗ്ഗയേയും ആദ്യ ഘട്ടത്തില്‍ ചന്ദനകുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കോറന്റൈനില്‍ പാര്‍പ്പിച്ച് പ്രത്യേക പരിചരണം നല്‍കും. തേക്കടിയിലെ മംഗള എന്ന കടുവയും അധികം വൈകാതെ പുത്തൂരില്‍ എത്തിക്കും. ജൂലൈയില്‍ പക്ഷികളെ കൂടി സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിക്കാനാണ് തീരുമാനം.