വിദ്യയ്ക്ക് പിന്നാലെ നിഖിലും പിടിയിലാകുമ്പോൾ; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും എസ്എഫ്‌ഐയും
കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ പിടിച്ചു കുലുക്കിയ വ്യാജരേഖാ കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രക്ഷോഭത്തെ നിസാരമായി തള്ളിക്കളയാനാവില്ല. 15 ദിവസം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ കെ. വിദ്യക്ക് ജാമ്യം ലഭിച്ച അതേ ദിവസം തന്നെ നിഖില്‍ തോമസിനെ പിടികൂടാനായത് ഭരണപക്ഷത്തിന് ചെറിയ ആശ്വാസത്തിന് വക നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും കാര്യങ്ങളൊന്നും അത്ര പന്തിയല്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വിദ്യക്ക് പിന്നാലെ കുടുങ്ങിയത് എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസ്. അധ്യാപക നിയമനത്തിനായി വ്യാജരേഖ നിര്‍മിച്ചു എന്നതാണ് വിദ്യക്ക് നേരെയുള്ള കേസെങ്കില്‍, താന്‍ ഡിഗ്രിക്ക് പഠിച്ച് തോറ്റ കോളജില്‍ തന്നെ എംകോമിന് പ്രവേശനം നേടിയ വിരുതനാണ് നിഖില്‍. ഇത്തരം നേതാക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന ക്ഷതം മുന്നണി സംവിധാനത്തെ ഉള്‍പ്പടെ വളരെ പ്രതികൂലമായി ബാധിക്കും. വിദ്യയെയും നിഖിലിനെയും പോലുള്ള തട്ടിപ്പുകാരുടെ ഇടപെടല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനാകെ അപമാനമാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളത്തെ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ് ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റിലായത്. ഉദ്വേഗജനകമായ നീക്കത്തിനൊടുവില്‍ കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്കുള്ള യാത്രയ്ക്കിടെ നിഖിലിനെ പോലീസ് നാടകീയമായി പിടികൂടുകയായിരുന്നു. കേസ് എടുത്ത് അഞ്ചാം ദിവസമാണ് നിഖിലിന്റെ അറസ്റ്റ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നടത്തിയെന്നാണ് നിഖിലിനെതിരെ ഉയര്‍ന്ന ആരോപണം. ആരോപണം ഉയരുമ്പോള്‍ കോളേജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയായിരുന്നു. 201820 കാലഘട്ടത്തിലാണ് എംഎസ്എം കോളേജില്‍ നിഖില്‍ തോമസ് ബികോമിന് ചേരുന്നത്. 2020 ല്‍ അവസാനിച്ച അധ്യയന വര്‍ഷത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കാത്ത നിഖില്‍ തൊട്ടടുത്ത വര്‍ഷം അതെ കോളേജില്‍ എം.കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി നല്‍കിയതാകട്ടെ 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും. അതായത്, എംഎസ്എം കോളേജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന അതേ കാലയളവില്‍ കലിംഗയിലെ ഡിഗ്രി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്. കോളേജില്‍ നിഖിലിന്റെ ജൂനിയറും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.
നിഖിലിനെ പിന്തുണച്ച് ആദ്യം രംഗത്ത് വന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് പിന്നീട് പറഞ്ഞത് തന്നെ മാറ്റിപ്പറയേണ്ടി വന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സര്‍വകലാശാലയുടെ രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി വെളിപ്പെടുത്തിയതോടെ രാവിലെ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയേണ്ട അവസ്ഥയിലേക്ക് എസ്എഫ്‌ഐ എത്തി. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല അറിയിച്ചതോടെ നിഖില്‍ ഒളിവില്‍ പോവുകയും ചെയ്തു.
നിഖിലിന്റെ എംകോം പ്രവേശനത്തിനായി സിപിഐഎം നേതാവ് ഇടപെട്ടെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ബാബു വെളിപ്പെടുത്തിയത് പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി. നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടും ചതിയാണെന്ന് അറിയിച്ച് സിപിഐഎം കായംകുളം ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷന്‍ രംഗത്തെത്തി. അന്ന് തന്നെ, സംഘടനയെ തെറ്റിദ്ധരിപ്പിച്ചു എന്ന് അറിയിച്ച് എസ്എഫ്‌ഐ നിഖിലിനെ പുറത്താക്കുകയും ചെയ്തു. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്കുള്ള യാത്രയ്ക്കിടെയാണ് നിഖില്‍ പിടിയിലായത്. കെഎസ്ആര്‍ടിസി എ.സി ലോഫ്‌ലോര്‍ ബസ്സില്‍ നിഖിലുണ്ടെന്ന വിവരം മനസിലാക്കിയ പൊലീസ് രണ്ട് മണിക്കൂറിലധികം കോട്ടയത്ത് കാത്തു നിന്നാണ് നിഖിലിനെ പിടികൂടിയത്. കായംകുളം കണ്ടല്ലൂര്‍ സ്വദേശിയായ അബിന്‍ സി രാജെന്ന മുന്‍ എസ്എഫ്‌ഐ നേതാവാണ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് നിഖിലിന്റെ മൊഴി. രണ്ട് ലക്ഷം രൂപ ചെലവാക്കി നേടിയ സര്‍ട്ടിഫിക്കറ്റ് അംഗീകൃത ബിരുദ സര്‍ട്ടിഫിക്കറ്റ് ആണെന്നും പ്രശന്ങ്ങള്‍ ഉണ്ടാകില്ലെന്നും അബിന്‍ അറിയിച്ചതായി നിഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നിഖില്‍ തോമസിനെ കായംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി അബിന്‍ സി. രാജാണ്. അബിന്‍ രാജിന്റെ എറണാകുളത്തെ ‘ഓറിയോണ്‍’ എന്ന സ്ഥാപനം വഴിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.