കട്ടപ്പനയിൽ വന്യജീവി ആക്രമണത്തിൽ ആടുകൾ ചത്തു.ആടുകളെ കൊന്ന് ഭക്ഷിച്ചത് പൂച്ചപ്പുലിയാകാൻ സാധ്യതയെന്ന് വനം വകുപ്പ്
കട്ടപ്പന: വെള്ളയാംകുടി കട്ടക്കയം ജോണി വളർത്തിയിരുന്ന ആടുകളെയാണ് കൂടിനുള്ളിൽ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് സംഭവം.2 വയസ്സ് പ്രായമുള്ള അമ്മയാടും 8 മാസം പ്രായമുള്ള കുഞ്ഞുമാണ് ചത്തത്.അർദ്ധരാത്രിയിൽ കൂട്ടിൽ നിന്നും ശബ്ദം കേട്ട് ജോണി ഇറങ്ങി നോക്കിയപ്പോഴാണ് ഒരാടിനെ ചത്ത നിലയിൽ കണ്ടെത്തിയത്.കുഞ്ഞിന് പരിക്കേറ്റ നിലയിലുമായിരുന്നു.പിന്നീട് അതിരാവില കൂട്ടിലെത്തി നോക്കിയപ്പോഴാണ് ഒരു ആടിന്റെ ജഡം പാതിയിലധികം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ആട്ടിൻകൂടിന്റെ പരിസരത്ത് വന്യജീവിയുടെ കാൽപ്പാടുകളും കണ്ടതോടെ ഉടമ വാർഡ് കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു.വാർഡ് കൗൺസിലർ ബീനാ സിബി വനം വകുപ്പിൽ വിവരം അറിയിച്ചതനുസരിച്ച് അയ്യപ്പൻകോവിൽ റെയിഞ്ചിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.പൂച്ച വർഗത്തിലുള്ള ജീവിയാണ് ആടുകളെ ഭക്ഷിച്ചതെന്ന് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബി സന്തോഷ് പറഞ്ഞു.ഒരു മാസം മുൻപ് വെള്ളയാംകുടിയിൽ മറ്റൊരിടത്തും വളർത്തുമൃഗങ്ങളെ അജ്ജാത ജീവി കൊന്ന് ഭക്ഷിച്ചിരുന്നു.എസ് എം എൽ പടി മേഖലയിൽ ഏതാനും നാളുകൾക്ക് മുൻപ് പ്രദേശവാസി കാട്ടുപൂച്ചയെ നേരിൽ കണ്ടിരുന്നു.