ലഹരിയുടെ കെടുതികള്‍ വരച്ചുകാട്ടി ‘നീന’;ഹ്രസ്വചിത്രം പ്രകാശനം ചെയ്തു
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ സാമൂഹ്യ നീതി വകുപ്പ് നിര്‍മ്മിച്ച ‘നീന’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ‘ഇരുളകറ്റാം, വെളിച്ചമാകാം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ലാല്‍ സഹദേവന്‍ സംവിധാനം ചെയ്ത 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ലഹരി ഉപയോഗം പൊതുവിലും, പ്രത്യേകിച്ച് പെണ്‍കുട്ടികളിലും ശാരീരികമായും മാനസികമായും ഉണ്ടാകുന്ന പ്രശ്നങ്ങളും അവര്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് വരച്ചുകാട്ടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ലഹരി ഉപയോഗം കുറയ്ക്കല്‍ പദ്ധതിയുടെ ഭാഗമായി ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും അമിത ഉപയോഗമുള്ളതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ കണ്ടെത്തിയ രാജ്യത്തെ 272 ജില്ലകളിലാണ് നശാമുക്ത് ഭാരത് ക്യാമ്പയിന്‍ നടത്തുന്നത്. പദ്ധതിയില്‍ ഇടുക്കി ജില്ലയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലുടനീളം നടപ്പിലാക്കുന്ന വിവിധ ബോധവത്കരണ പരിപാടികളില്‍ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം എം ബഷീര്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.