സുധാകരന്‍റെ അറസ്റ്റ്; മന്ത്രിയുടെ കാറെന്ന് തെറ്റിദ്ധരിച്ച് കോൺഗ്രസുകാർ ഇന്നോവ തടഞ്ഞു, അകത്ത് പ്രതിപക്ഷ നേതാവ്
ഹരിപ്പാട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകർക്ക് അമിളി പറ്റി. സുധാകരന്‍റെ അറസ്റ്റിനെതിരെ റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കാറാണെന്നു തെറ്റിദ്ധരിച്ച് തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ കാർ തടഞ്ഞു. ഇന്നലെ രാത്രി ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ജംക്ഷനു സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം നടന്നത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസുകാർ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതിനിടയിൽ ദേശീയപാതയിലൂടെ പൊലീസിന്റെ പൈലറ്റ് ജീപ്പും പിന്നിൽ കൊടി വച്ച ഇന്നോവ കാറും എത്തിയത്. വാഹനം കണ്ടപ്പോൾ ഏതോ മന്ത്രിയുടെ വാഹനമാണെന്നു ധരിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പിനു മുന്നിലേക്ക് ചാടി വാഹനം നിർത്തിച്ചു.
കാറിനു നേരെ പ്രവർത്തകർ വരുന്നത് കണ്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കാറിനുള്ളിലെ ലൈറ്റ് ഇട്ട് ഗ്ലാസ് താഴ്ത്തി.
കാറിനുള്ളിൽ നിന്നും പ്രതിപക്ഷ നേതാവ് ചിരിച്ച് കൊണ്ട് അഭിവാദ്യം ചെയ്തപ്പോഴാണ് കോണ്‍ഗ്രസ് പ്രവർത്തകർക്ക് അബദ്ധം പറ്റിയത് മനസ്സിലായത്. അതേസമയം സമരത്തിന് പിന്തുണ അറിയിച്ചശേഷം പ്രതിപക്ഷ നേതാവ് യാത്ര തുടർന്നു. കഴിഞ്ഞ ദിവസമാണ് മോണ്‍സൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ സുധാകരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്.
കെപിസിസി പ്രസിഡന്‍റിന്‍റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കുകയാണ്. കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടക്കും.