‘രാജ്യത്ത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം, ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്തും: രാഹുൽ ഗാന്ധി
ബിജെപിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും രാജ്യത്തെ തകർക്കാനുമാണ് ബിജെപി പ്രവർത്തിക്കുന്നത്. എന്നാൽ സ്‌നേഹവും ഐക്യവും പ്രചരിപ്പിച്ച് രാജ്യത്തെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്നും ബിഹാറിലെ പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. “പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഇവിടെ വന്നിട്ടുണ്ട്, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ പരാജയപ്പെടുത്തണം. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും രാജ്യത്തെ തകർക്കാനുമാണ് ബിജെപി പ്രവർത്തിക്കുന്നത്. സ്‌നേഹവും ഐക്യവും പ്രചരിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു” – രാഹുൽ പറഞ്ഞു.
ബിജെപി നേതാക്കൾ കർണാടകയിൽ വലിയ പ്രസംഗങ്ങൾ നടത്തിയതും ഓരോ മൂലയിലും സന്ദർശനം നടത്തിയതും നിങ്ങൾ കണ്ടിട്ടുണ്ടാകും. തങ്ങൾ വൻ വിജയം നേടുമെന്നും ബിജെപി പറഞ്ഞിരുന്നു. പക്ഷേ അവിടെ സംഭവിച്ചത് നിങ്ങൾ കണ്ടു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി നിന്നതോടെ ബിജെപി അപ്രത്യക്ഷമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും ബിജെപിയെ എവിടെയും കാണാനാവില്ലെന്നും യോഗത്തിനു മുൻപായി കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞിരുന്നു.
ബി.ജെ.പി സർക്കാരിന്റെ ഗുണഫലം രാജ്യത്ത് രണ്ടോ മൂന്നോ പേർ മാത്രമാണെന്ന് രാജ്യം മുഴുവൻ മനസ്സിലാക്കിക്കഴിഞ്ഞു. കോൺഗ്രസ് എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുക എന്നത് കോൺഗ്രസ് പാർട്ടിയുടെ ജോലിയാണെന്നും രാഹുൽ പറഞ്ഞു. ബിജെപിക്ക് ഭാരത് ടോഡോ പ്രത്യയശാസ്ത്രമുണ്ടെന്നും രാഹുൽ ആരോപിച്ചു. “ഭാരത് ജോഡോ യാത്രയ്ക്കിടെ ഞാൻ എവിടെ പോയാലും ബിഹാറിൽ നിന്നുള്ള ആളുകളെ കണ്ടു. അവരെല്ലാം ഞങ്ങളോടൊപ്പം ചേർന്നത് അവർ ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയും ആഴത്തിൽ മനസിലാക്കുകയും ചെയ്തതിനാലാണ്,” അദ്ദേഹം പറഞ്ഞു.