ഭക്ഷ്യവകുപ്പിന്റെ പരിശോധന : 27 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ചെറുതോണിയിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ പഴക്കം ചെന്ന 27 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ,വാഴത്തോപ്പ് പഞ്ചായത്ത് ആരോഗ്യവിഭാഗം, ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഹൈ റാപ്പിഡ് ഫോര്‍മാലിന്‍ ടെസ്റ്റ് കിറ്റ് അടക്കമുള്ളവ പരിശോധനയ്ക്കായി ഉപയോഗിച്ചിരുന്നു.ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകും. രാസമാലിന്യങ്ങള്‍ കലര്‍ന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശം നല്കിയിട്ടുണ്ട് . ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയാകും സ്‌ക്വാഡുകള്‍ രൂപീകരിക്കുക. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പഴകിയ മത്സ്യമാംസാദികള്‍ പിടിച്ചെടുക്കുന്നതിന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.