ഏലം മേഖലയിലെ പ്രതിസന്ധി; കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും
ഏലം – കാർഷിക
മേഖല നിലവിൽ നേരിടേണ്ടിവരുന്ന വിവിധ
പ്രതിസന്ധികൾ പരിഹരിക്കണമെന്ന് സംയുക്ത സമിതി.
ഏലം വിപണനരംഗത്തു കർഷകർ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ചും ചർച്ച ചെയ്തു തീരുമാനം എടുക്കുന്നതിനും കേന്ദ്ര സർക്കാരിന്റെയും കേരളാ സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്തി കർഷകർക്ക് അനുകൂലമായ പ്രതിവിധികൾ കണ്ടെത്തുന്നതിനുമായി വിവിധ ഏലം കർഷക സംഘടനകൾ, ഏലം ലേല കേന്ദ്രങ്ങൾ, വ്യാപാരി സംഘടനകൾ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഒരു സംയുക്തയോഗം
വണ്ടന്മേട് കാർഡമം ഗ്രോവെഴ്സ് അസോസിയേഷൻ ഓഫീസിൽ നടന്നിരുന്നു.
ഗോട്ടിമാല ഏലക്കായ് ലേലകേന്ദ്രങ്ങളിൽ എത്തിച്ചു വിൽപ്പന നടത്തുന്നത് കർശനമായി തടയണമെന്നും അത്തരം ഗുണനിലവാരം കുറഞ്ഞ ഏലക്കായ് ലേലകേന്ദ്രങ്ങളിൽ കൊണ്ടുവരുന്നവരെ ലേലത്തിൽ പങ്കെടുപ്പിക്കരുതെന്നും സംയുക്തയോഗം ആവശ്യപ്പെട്ടു.
കൃത്രിമ നിറം ചേർത്ത ഏലക്കായ് ലേലകേന്ദ്രങ്ങളിൽ പതിഞ്ഞു വിൽപ്പന നടത്തുന്നത് നിർബന്ധമായും വിലക്കണമെന്നും നിറം ചേർത്ത ഏലക്കായ് കണ്ടുപിടിച്ചു നശിപ്പിച്ചുകളയണമെന്നും നിറം ചേർത്ത് ഏലക്കായ് പതിയുന്നവർക്കെതിരെ നിയമനടപടികൾ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
സിഎച്ച് ആർ വിഷയവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ നടന്നുവരുന്ന
കേസ് ഗൗരവതരമായി ഏറ്റെടുത്തു നടത്തുന്നതിനും കേസ് നടത്തിപ്പിനുള്ള
ഫണ്ട് കണ്ടെത്തുന്നതിനും സംയുക്തയോഗം തീരുമാനമായി.
വിവിധ ഏലം കർഷക സംഘടനകൾ, ഏലം ലേലകേന്ദ്രങ്ങൾ വ്യാപാരി സംഘടനകൾ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ടു കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുവാനും തിരുമാനിച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സദാ ശിവസുബ്രഹ്മണ്യം, ഉദയകുമാർ, ആന്‍റണി മാത്യു, ഷൈൻ വർഗീസ്, എം എം ലംബോദരൻ, ജീവാനന്ദൻ, പി.ആർ. സന്തോഷ്, വി.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.