വഴിയരികിൽ ഉപേക്ഷിച്ച ബാരിക്കേഡുകൾ തിരികെയെടുത്ത് കട്ടപ്പന പോലീസ്. നടപടി ഇടുക്കി ജില്ലാ പോലീസ് മേധാവി ഇടപെട്ടതിന് പിന്നാലെ
കട്ടപ്പന പോലീസ് റോഡിൽ ഉപേക്ഷിച്ചു പോയ ബാരിക്കേഡുകൾ നീക്കം ചെയ്തു.ഐ റ്റി ഐ ജങ്ഷനിൽ വഴിയരികിൽ വെച്ചിരുന്ന നാല് ബാരിക്കേഡുകൾ റോഡ് നിർമ്മാണ കമ്പനി ഉപയോഗിച്ച സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ബാരിക്കേഡുകൾ ഉടനടി മാറ്റുവാൻ ജില്ലാ പോലീസ് മേധാവി നിർദേശിച്ചത്.ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഗ്രേഡ് എസ് ഐ അടങ്ങുന്ന പത്തോളം പോലീസുകാരെത്തി ബാരിക്കേഡുകൾ ചുമന്ന് സ്വകാര്യ ലോറിയിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം യൂത്ത് കോൺഗ്രസ് മിനി സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് തടയുവാനാണ് കട്ടപ്പന പൊലീസ് ഐ റ്റി ഐ ജംഗ്ഷനിൽ നാല് ബാരിക്കേഡുകൾ കൊണ്ടുവന്നത്.ഇവ തിരികെ കൊണ്ടുപോകാതെ വന്നതിനെ തുടർന്നാണ് മലയോര ഹൈവേയുടെ നിർമ്മാണമേറ്റെടുത്ത കരാർ കമ്പനി ഐ റ്റി ഐ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിനായി ബാരിക്കേഡുകൾ ഉപയോഗിച്ചത്.പൊലീസിന്റെ ഉത്തരവാദിത്വക്കുറവ് ഇടുക്കി ലൈവ് വാർത്തയാക്കിയതിന് പിന്നാലെയാണ് സ്പെഷ്യൽ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റിപ്പോർട്ട് നൽകിയത്.