ഇന്ത്യൻ വിദ്യാർത്ഥികളുടെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവച്ച് കാനഡ
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് വഴി ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ. വ്യാജ ഓഫർ ലെറ്ററുകളുടെ പേരിൽ 700 ഇന്ത്യൻ വിദ്യാർത്ഥികളെ കനേഡിയൻ സർക്കാർ രാജ്യം വിടാൻ നിർദ്ദേശം നൽകിയേക്കും എന്ന രീതിയിലുള്ള വാർത്തകൾ വന്നതോടെയാണ് ഈ ആശങ്ക. നാടുകടത്തുമെന്ന സാധ്യത ശക്തമായതോടെ നിരവധി വിദ്യാർത്ഥികളാണ് കനേഡിയൻ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നത്. വിദ്യാർത്ഥിക്കൾക്കെതിരെ കനത്ത നടപടികൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ കാനഡയിലെ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി ഷോൺ ഫ്രേസിയർ പ്രസ്താവന ഇറക്കിയിരിക്കുകയാണ്. വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ നാടുകടത്തില്ലെന്നാണ് പ്രസ്താവനയിൽ പറയുന്നത്. ക്ഷേമത്തിനാണ് രാജ്യം എപ്പോഴും മുൻഗണന നൽകുന്നതെന്നും, അതിനാൽ തിരക്കിട്ടുള്ള നാടുകടത്തിൽ ഉണ്ടാകില്ലെന്നുമാണ് വിശദീകരണം. വ്യാജ ഓഫ്ഫർ ലെറ്റർ കേസിൽ അന്വേഷണം നടത്താൻ കാനഡ ബോർഡർ സർവീസസ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അതല്ലാതെ തട്ടിപ്പിനിരയായ വിദ്യാർത്ഥികൾക്ക് നാടുകടത്തലിന്റെ പെട്ടെന്നുള്ള നടപടികൾ നേരിടേണ്ടി വരുകില്ലെന്നുമാണ് പ്രസ്താവനയുടെ ഉള്ളടക്കം. ‘തട്ടിപ്പുകാരുടെ വഞ്ചനയ്ക്ക് ഇരയായവർക്ക് ഈ നടപടി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലാക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ക്ഷേമത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. അതുറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ ഒരു ദൗത്യ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഈ ദൗത്യ സംഘം കാനഡ ബോർഡർ സർവീസ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിച്ച് യഥാർത്ഥത്തിൽ തട്ടിപ്പിനിരകളായവരെ കണ്ടെത്തും. അവരിൽ നിന്ന് കാനഡയിൽ പഠനാവശ്യത്തിനായി എത്തിയവരെയും അതിൽ മാത്രം ശ്രദ്ധ ചെലുത്തിയവരെയും തിരിച്ചറിയും. ഇങ്ങനെ നാടുകടത്തൽ നടപടി ഒഴിവാക്കേണ്ട ആനുകൂല്യം അർഹിക്കുന്നവരെ സംരക്ഷിക്കുകയും അവർക്ക് രാജ്യം വിട്ട് പോകേണ്ടി വരില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ഇന്ത്യയിൽ നിന്നും കാനഡയുടെ പല ഭാഗങ്ങളിലുള്ള കോളജുകളിലെ രേഖകളുമായി കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ, തങ്ങളെ വ്യാജ രേഖകൾ നൽകി ഏജന്റ് വഞ്ചിച്ചതാണെന്ന് പരാതിപ്പെട്ടിരുന്നു. ഈ വിദ്യാർത്ഥികൾക്ക് കനേഡിയൻ സർക്കാരിന്റെ സ്റ്റേ ഉത്തരവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കോഴ്സ് പൂർത്തിയാക്കി അഞ്ച് വർഷത്തിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് ലഭിച്ചത് വ്യാജ ഓഫർ ലെറ്ററാണെന്ന വിവരം പുറത്ത് വരുന്നത്.വഞ്ചിതരായ വിദ്യാർത്ഥികളോട് നീതി കാട്ടണമെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നേരത്തേ സൂചിപ്പിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി കാനഡയിലെത്തിയ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പഞ്ചാബ് സ്വദേശികളാണ്, പഞ്ചാബിൽ നിന്നുള്ള പന്ത്രണ്ടു വിദ്യാർത്ഥികൾ ഈ വിഷയത്തിൽ പ്രതിഷേധ നടപടികളിലേക്ക് കടക്കുകയും ചെയ്തു. ജലന്ധറിൽ പ്രവർത്തിക്കുന്ന ഇഎംഎസ്എ എജ്യൂക്കേഷൻ ആൻഡ് മൈഗ്രേഷൻ സർവീസസ് ഓസ്‌ട്രേലിയ എന്ന സ്ഥാപനത്തിൽ നിന്നുമാണ് ഏജന്റ് പണം വാങ്ങി വിദ്യാർത്ഥികൾക്ക് കോളജുകളുടെ വ്യാജ അഡ്മിഷൻ രേഖകൾ നൽകിയത്. ബ്രിജേഷ് മിശ്ര എന്ന ഏജന്റാണ് ഇവരിൽ ഭൂരിഭാഗം പേരെയും കബളിപ്പിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിരുന്നു. പഠനം തുടരുന്നതിന് നാടുകടത്തലിനെ പ്രതിരോധിച്ചുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്,, കനേഡിയൻ സർക്കാരിന്റെ നിരീക്ഷണത്തിലാണ് ഇവർ.