മുതിർന്ന പൗരനാണോ? വമ്പൻ ഓഫറുമായി ഈ ബാങ്ക്; റിസ്കില്ലാതെ ഉയർന്ന വരുമാനം നേടാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ രണ്ട് തവണയും വായ്പ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ നിക്ഷേപ വായ്പ പലിശകൾ വർധിപ്പിക്കുന്നത് ഒട്ടുമിക്ക ബാങ്കുകളും നിർത്തിയിട്ടുമുണ്ട്. ഫിക്സഡ് ഡെപോസിറ്റിന് ഇനി പലിശ നിരക്ക് കൂട്ടില്ല എന്ന് വിപണി നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ഇതിനിടയ്ക്ക് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി) രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് വെബ്‌സൈറ്റ് പ്രകാരം 2023 ജൂൺ 14 മുതൽ പുതിയ നിരക്കുകൾ ബാധകമാണ്.
ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഏറ്റവും കൂടുതൽ നേട്ടം മുതിർന്ന പൗരന്മാർക്കാണ്. സാധാരണക്കാർക്ക് 1001 ദിവസത്തെ നിക്ഷേപത്തിൽ 9 ശതമാനം പലിശ ലഭിക്കുമ്പോൾ മുതിർന്ന വ്യക്തികൾക്ക് 9.50 ശതമാനം വരെ പലിശ ബാങ്ക് വാഗ്ദാനം ചെയുന്നു.