കട്ടപ്പന നഗരസഭാ പരിധിയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡീസ് കൊതുകുകളുടെ സാന്നിധ്യം; ഗൃഹ-പരിസര സൂചിക പത്തിന് മുകളിൽ
കട്ടപ്പന നഗരസഭാപരിധിയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡീസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയതിൽ ഗൃഹ-പരിസര സൂചിക പത്തിന് മുകളിലെന്ന് ആരോഗ്യ വകുപ്പ്.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡെപ്യൂട്ടി ഡി എം ഒ പറഞ്ഞു.നഗരസഭയിൽ പലയിടങ്ങളിലായി നടത്തിയ ഉറവിട പരിശോധന പ്രകാരമാണ് ഗൃഹ-പരിസര സൂചിക പത്തിന് മുകളിലാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നത്.കട്ടപ്പനയിലുള്ള വെക്ടർ കൺട്രോൾ ഫീൽഡ് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിലാണ് ഈഡീസ് ഈജിപ്തി, ഈഡീസ് ആൽബോപിറ്റസ് എന്നീ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയത്.പഠന റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കട്ടപ്പന താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആശ പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വെക്ടർ കൺട്രോൾ യൂണിറ്റ് നൽകിയ വിവരം അറിയിച്ചിരുന്നു. കൂടാതെ വാര്‍ഡുകളിലെ ജാഗ്രത സമിതികള്‍,സാനിറ്റേഷന്‍ കമ്മിറ്റി, റെസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും വിവരം കൈമാറി.ഒപ്പം കട്ടപ്പന നഗരസഭയിലെ ഭൂരിഭാഗം കൗണ്‍സിലര്‍മാര്‍ക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്.അതെ സമയം വെക്ടർ കൺട്രോൾ യൂണിറ്റിന്റെ റിപ്പോർട്ട് നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു.എന്നാല്‍ സമാന സാഹചര്യത്തില്‍ മുൻപ് ചെയ്തിരുന്നതുപോലെ ഡിഎംഒ, ഡെപ്യൂട്ടി ഡിഎംഒ എന്നിവരെ ഫീൽഡ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചിരുന്നു.തുടർന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ മെഡിക്കൽ ഓഫീസ് നിര്‍ദേശവും നല്‍കി.കട്ടപ്പനയ്ക്ക് പുറമെ മറ്റു ചില പഞ്ചായത്തുകളിലും ഈഡീസ് കൊതുകുകളുടെ ഇൻഡക്സ് പത്തിന് മുകളിലാണ്.നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗൺ ഹാളിൽ പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ ഫീൽഡ് ഓഫീസ് ഒഴിയണമെന്ന നിലപാടിലാണ് ഭരണസമിതി.കൊതുക് സാന്നിധ്യം കൂടുതലാണെന്ന റിപ്പോർട്ട് വന്നതിന് തൊട്ടടുത്ത ദിവസവും ഓഫീസ് ഒഴിഞ്ഞ് നൽകണമെന്നാവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി.കൊതുക് ജന്യ രോഗങ്ങൾ പകരാൻ സാധ്യതയുള്ള സമയത്ത് ഓഫീസ് ഒഴിയണമെന്ന നഗരസഭയുടെ നിലപാടിനെതിരെ വിമർശനവും ഉയർന്നു കഴിഞ്ഞു.