മഴയില്ല; സഞ്ചാരികളുമില്ല. മണ്‍സൂണ്‍ ടൂറിസം പച്ചപിടിക്കാതെ മൂന്നാര്‍
മൂന്നാര്‍: മഴയില്ല; സഞ്ചാരികളുമില്ല. മണ്‍സൂണ്‍ ടൂറിസം പച്ചപിടിക്കാതെ മൂന്നാര്‍. ഒരാഴ്ച മുമ്ബുവരെ സഞ്ചാരികള്‍ നിറഞ്ഞിരുന്ന മൂന്നാറിലെ തെരുവുകള്‍ ഇപ്പോള്‍ ശൂന്യമാണ്. മധ്യവേനലവധിക്കാലം കഴിഞ്ഞതോടെയാണ് സഞ്ചാരികളുടെ വരവ് നിലച്ചത്. സാധാരണ ജൂണ്‍ ആദ്യവാരം കാലവര്‍ഷം പെയ്തിറങ്ങുമെങ്കിലും ഇക്കുറി മഴയും പേരിന് മാത്രം. സാധാരണ ജൂണിലെ ആദ്യ രണ്ടാഴ്ച 293.1 മില്ലീമീറ്ററാണ് ജില്ലയിലെ ശരാശരി മഴ. എന്നാല്‍, ഇത്തവണ 106 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചത്. 64 ശതമാനം കുറവ്.
മൂന്നാറിലിപ്പോള്‍ കാലാവസ്ഥയുടെ വൈവിധ്യമാണ്. ഒരാഴ്ചയായി പുലര്‍ച്ച ചാറ്റല്‍ മഴ, പിന്നെ വെയില്‍, വൈകീട്ട് ചെറിയ തോതില്‍ മഴ എന്നിങ്ങനെയാണ്. ദേവികുളം ഗ്യാപ്പില്‍ ഉള്‍പ്പെടെ പല മേഖലകളിലും കനത്ത കോടമഞ്ഞും ദൃശ്യമാണ്.
മഴയില്ലാതായതോടെ മണ്‍സൂണ്‍ ആസ്വദിക്കാൻ എത്തുന്നവരും കുറവാണ്. അറബികളാണ് ഈ സീസണിലെ സഞ്ചാരികളിലേറെയും. ഇത്തവണ അവരും വന്നു തുടങ്ങിയിട്ടില്ല. മഴ കുറഞ്ഞതുമൂലം മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലനിരപ്പ് പകുതിയില്‍ താഴെയായി.