നിഖിൽ തോമസിനെതിരായ ആരോപണം: വ്യാജ സർട്ടിഫിക്കറ്റ് എസ്എഫ്ഐയിൽ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കെ എസ് യു; ഡിജിപിക്ക് പരാതി നൽകും
ആലപ്പുഴ എസ്എഫ്ഐ വ്യാജ ഡിഗ്രി വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നിഖിൽ തോമസിനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകുമെന്ന് അലോഷ്യസ് ട്വന്റിഫോറിനോട് പറഞ്ഞു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം എസ്എഫ്ഐയിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ വിവാദം ഉയർന്നിരിക്കുന്നത്. നിലവിൽ കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് എം കോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 – 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാൻ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്.
വിഷയം ചർച്ചയായതോടെ നിഖിൽ തോമസിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ആരോപണവുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാനും നേതൃത്വം നിർദേശം നൽകി.