‘ബിപോർജോയ്’ തീവ്ര ന്യൂനമർദമായി മാറി; വിവിധ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ബിപോർജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കി.
ഗുജറാത്തിലെ എട്ട് ജില്ലകളിൽ ആണ് ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞുവീണതിനെ തുടർന്ന് ഇരുട്ടിലായ ആയിരത്തിലേറെ ഗ്രാമങ്ങളിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സർക്കാർ. ഗതാഗത തടസം സൃഷ്ടിച്ച് റോഡിലേക്ക് മറിഞ്ഞ് വീണ മരങ്ങളും നീക്കിവരികയാണ്. ആളപായം ഉണ്ടായില്ലെങ്കിലും കനത്ത നാശനഷ്ടമാണ് ബിപോർജോയ് ഗുജറാത്തിൽ സൃഷ്ടിച്ചത്.
അതേസമയം കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനമില്ലാതാകുന്നതോടെ അടുത്ത ദിവസങ്ങളിൽ കാലവർഷം മെച്ചപ്പെടും. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ചൊവ്വാഴ്ചയോടെ മഴ കൂടുതൽ ശക്തമായേക്കും.