5 ദിവസം തുടർച്ചയായി നൃത്തം ചെയ്തു; ലോക റെക്കോർഡ് നേടി 16 വയസുകാരി
“അഞ്ച് ദിവസം തുടർച്ചയായി” നൃത്തം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മഹാരാഷ്ട്രയിൽ നിന്നുള്ള പതിനാറു വയസുകാരി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, “127 മണിക്കൂർ കൊണ്ട് ഒരു വ്യക്തിയുടെ ഏറ്റവും ദൈർഘ്യമേറിയ ഡാൻസ് മാരത്തൺ എന്ന റെക്കോർഡ് ശ്രുതി സുധീർ ജഗ്താപ് സ്വന്തമാക്കിയത്. നേരത്തെ ഈ റെക്കോർഡ് നേപ്പാളിലെ നർത്തകി ബന്ദനയുടെ പേരിലാണ്. 126 മണിക്കൂർ ആയിരുന്നു നൃത്തത്തിന്റെ ദൈർഘ്യം. 2018 ലാണ് ഇത് സ്വന്തമാക്കിയത്.
പ്രകടനത്തെ വിവരിച്ചുകൊണ്ട് ജിഡബ്ല്യുആർ ഒഫീഷ്യൽ സ്വപ്‌നിൽ ദംഗരികർ പറഞ്ഞതിങ്ങനെ: “ശ്രുതിയുടെ ഡാൻസ് മാരത്തൺ അവളുടെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് നടന്നത്. അവൾ വളരെ ക്ഷീണിതയായ നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ മാതാപിതാക്കൾ എപ്പോഴും അരികിലുണ്ടായിരുന്നു. അവളെ ഫ്രഷ് ആയി നിലനിർത്താൻ അവളുടെ മുഖത്ത് വെള്ളം തളിച്ചു,” സ്വപ്നിൽ പറഞ്ഞു. “മൊത്തത്തിൽ വളരെ ശ്രദ്ധേയമായ പ്രകടനമാണ് ശ്രുതി കാഴ്ച്ചവെച്ചത്.” മെയ് 29 ന് രാവിലെ ആരംഭിച്ച നൃത്തം ജൂൺ 3 ഉച്ചവരെ തുടർന്നു. അതിനുശേഷം ഒരു ദിവസം മുഴുവൻ ശ്രുതി ഉറങ്ങി. “ഈ റെക്കോർഡ് സ്വന്തമാക്കുന്നതിന് ഏതെങ്കിലും അംഗീകൃത നൃത്ത ശൈലി മതിയായ നിലവാരത്തിൽ അവതരിപ്പിക്കണം, നിർത്താതെ പാട്ടിനൊപ്പം ചുവടുകൾ വെക്കണം. ശ്രുതി കഥക് നൃത്ത ശൈലിയാണ് അവതരിപ്പിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ എട്ട് പ്രധാന രൂപങ്ങളിൽ ഒന്നാണിത്.” നിയമങ്ങൾ വിശദീകരിച്ചുകൊണ്ട് റെക്കോർഡ് കീപ്പിംഗ് ഓർഗനൈസേഷൻ പറഞ്ഞു,
15 മാസത്തോളം ശ്രുതി ഈ റെക്കോർഡ് നേട്ടത്തിനായി പരിശ്രമിച്ചു. മുത്തച്ഛൻ ബബൻ മാനെ ഇതിനായി ‘യോഗിക ഉറക്കം’ എന്നും അറിയപ്പെടുന്ന യോഗ നിദ്ര പഠിപ്പിച്ചു.