ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം
കൂനത്തറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്ക്. ഇതിൽ ഒരു ബസ് ഡ്രൈവറുടെയും യാത്രക്കാരിയുടെയും നില ഗുരുതരം. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ചിറയത്ത് ബസ്സും ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന രാജപ്രഭ ബസ്സും ആണ് കൂട്ടിയിടിച്ചത്. രാവിലെ പത്തേ കാലോടെ ആണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസ്സുകളുടെയും മുൻവശം പൂർണമായി തകർന്നു. ചിറയത്ത് ബസ്സിന്റെ ഡ്രൈവർക്കാണ് ഗുരുതരം എന്നാണ് സൂചന. ഒരു മണിക്കൂറോളം ഈ മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഷൊർണൂർ ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. കുളപ്പുള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തി. ക്രെയിൻ ഉപയോഗിച്ചാണ് റോഡിന് കുറുകെ കിടന്നിരുന്ന ബസ്സുകളെ മാറ്റിയത്.
അപകടത്തെ തുടർന്ന് നൂറുകണക്കിന് ആളുകളും തടിച്ചുകൂടിയിരുന്നു. പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.