രക്ഷപെട്ടത് ക്വാറന്റീനിലയിരുന്ന ഹനുമാൻ കുരങ്ങ്; തിരുവന്തപുരത്തേക്ക് എത്തിച്ചത് തിരുപ്പതി മൃഗശാലയിൽ നിന്ന്


തിരുവനന്തപുരത്ത് മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ എത്തിച്ചത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും. തിരുവനന്തപുരം മൃഗശാലയുടെ വികസനത്തിന്റെ ഭാഗമായി പുതിയ മൃഗങ്ങളെ എത്തിക്കാനുള്ള നീക്കമുണ്ടായത്. തുടർന്ന്, ജൂൺ അഞ്ചിന് ഓരോ ജോഡി വീതം സിംഹത്തിനെയും ഹനുമാൻ കുരങ്ങിനെയും എമുവിനെയും മൃഗശാലയിലേക്ക് എത്തിച്ചു. ക്വാറന്റീൻ കാലയളവിന് ശേഷം സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വ്യാഴാഴ്ച മാറ്റാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇവയെ മെരുക്കിയെടുക്കാനും കൂട്ടിലടക്കാനും ബുദ്ധിമുട്ടാണ്. അതിനാലാണ് തുടർന്ന് വിട്ട് പരിപാലിക്കാൻ തീരുമാനമെടുത്തതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു. ഇനി നാല് ഹനുമാൻ കുരങ്ങുകളെ കൂടി അടുത്ത മാസത്തോടെ ഹരിയാനയിൽ നിന്ന് എത്തിക്കാൻ നീക്കമുണ്ട്.
ഹനുമാൻ കുരങ്ങ് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. സാധാരണഗതിയിൽ തുറന്നു വിട്ടാണ് വളർത്തുന്നത്. അതിനാൽ, തുറന്നു വിടാനുള്ള ശ്രമമാണ് നടന്നത്. പക്ഷെ, ചെറിയ പെൺകുരങ്ങ് പെട്ടെന്ന് ഓടിപ്പോയി. ഇണ ഇവിടെയുള്ളതുകൊണ്ട് തിരികെ ഇവിടെക്ക് തന്നെ തിരിച്ചെത്തി. പിടികൂടാൻ മയക്കുവെടി ആവശ്യമില്ല. ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യവും ഇവിടെ ചെയ്തു നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, പുതുതായി എത്തിച്ച മൃഗങ്ങളെ ഇന്ന് സന്ദർശകർക്ക് കാണാൻ സാധിക്കും വിധം തുടർന്ന് വിട്ടു. പുതിയ മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പേരു നൽകി. അഞ്ചുവയസ്സുകാരനായ ആൺ സിംഹത്തിന് ലിയോ എന്ന് മന്ത്രി ചിഞ്ചുറാണി പേര് നൽകി. ആറ് വയസ്സുകാരിയായ പെൺസിംഹത്തിന് പേര് നൽകിയത് നൈലയെന്നും. ചാടിപ്പോയ ഹനുമാൻ കുരങ്ങിന്റെ ഇണയായ മറ്റൊരു ഹനുമാൻ കുരങ്ങിനെയും രണ്ട് എമുവിനെയും തുറന്നുവിട്ടു.