കരുതലിൻ കരങ്ങൾ; ശിഷ്യർക്ക് കിറ്റുകൾ എത്തിച്ച് ലിൻസി ടീച്ചർ
കാഞ്ചിയാർ ∙ കോവിഡ് ബാധിച്ചും നിരീക്ഷണത്തിൽ കഴിയുന്നവരുമായ വിദ്യാർഥികളുടെ വീടുകളിൽ ഭക്ഷ്യവസ്തുക്കളും പഴങ്ങളും എത്തിച്ച് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജ്. ഈ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കുമാണ് സഹായം എത്തിക്കുന്നത്. രോഗതീവ്രതയെ തുടർന്ന് പലയിടത്തും അയൽക്കാർ പോലും സഹായിക്കാൻ മടിക്കുകയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സഹായം എത്തിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് ഒപ്പം പ്രതിരോധശേഷി വർധിപ്പിക്കുന്ന പഴങ്ങളും അടങ്ങിയ കിറ്റുകളാണ് വീടുകളിൽ എത്തിച്ചു നൽകുന്നത്.
ആപ്പിൾ, ഏത്തപ്പഴം, പൈനാപ്പിൾ, പപ്പായ, തക്കാളി, ചെറുനാരങ്ങ, ഉണക്ക മുന്തിരി, പഞ്ചസാര, ചുക്കുകാപ്പി പൊടി, രസപ്പൊടി തുടങ്ങിയവയാണ് കിറ്റിൽ ഉള്ളത്. വാർഡ് മെംബർമാരുടെയും ആശാ വർക്കർമാരുടെയും സഹകരണത്തോടെയാണ് അർഹരെ കണ്ടെത്തുന്നത്. 2020ൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും വിദ്യാർഥികൾക്ക് കിറ്റ് നൽകാൻ ഈ അധ്യാപിക രംഗത്തുണ്ടായിരുന്നു. കുട്ടിക്കാനം മരിയൻ കോളജിലെ എക്സ്റ്റൻഷൻ ഡിപാർട്മെന്റ് ഓ-ഓർഡിനേറ്ററായ ഭർത്താവ് സെബാസ്റ്റ്യനും പിന്തുണമായി ഒപ്പമുണ്ട്. സഹായം ആവശ്യമുള്ളവർക്കു വിളിക്കാം. ഫോൺ: 9447902313