അരിക്കൊമ്പൻ വിഷയത്തിൽ അനാവശ്യമായി സമയം പാഴാക്കിയ സർക്കാർ മറുപടി പറയണമെന്ന് അഡ്വ ഡീൻ കുര്യാക്കോസ് എംപി


അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിന്റെ അഴകൊഴമ്പൻ നടപടികളാണ് അനാവശ്യമായി സമയം നഷ്ടപ്പെടുത്തിയതും , കോടതി നടപടികൾക്ക് വഴി വച്ചതെന്നും ഡീൻ കുര്യാക്കോസ് MP.. കഴിഞ്ഞ ജനുവരി 31 ന് ആണ് കളക്ട്രേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ, യോഗം ചേർന്നതും മുഴുവൻ ആളുകളും അരിക്കൊമ്പനെ പിടിച്ചു കെട്ടണമെന്നും ആവശ്യമുന്നയിച്ചത്. എന്നാൽ പിന്നീട് യാതൊരു നടപടികളും സ്വീകരിക്കാതെ ഇരുന്നപ്പോൾ ആണ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ അനിശ്ചിത കാല സമരം സംഘടിപ്പിച്ചത്. തുടർന്ന് ഫെബ്രുവരി 21ന് ആണ് പ്രശ്നകാരിയായ ആനയെ പിടി കുടുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് ഉടൻ തന്നെ ആനയെ പിടികൂടുന്നതിന് പകരം അനാവശ്യമായി സമയം പാഴാക്കുകയാണുണ്ടായത്. മാർച്ച് 26 ന് ആനയെ പിടികൂടാൻ തീരുമാനമെടുത്തപ്പോഴേക്കും ഈ സമയത്ത് മൃഗ സ്നേഹികൾ എന്ന പേരിൽ പലരും കോടതിയിൽ പോയി.. കോടതിയിൽ നിന്നും അസാധാരണമായ നിലയിൽ വിധിയുണ്ടായപ്പോൾ ആ നടപടി തെറ്റാണെന്ന് വിമർശനമുന്നയിച്ചതും പ്രതിപക്ഷ പാർട്ടികളായിരുന്നു..
ജനപ്രതിനിധികൾ എന്ന നിലയിൽ താനടക്കം സർക്കാരിന് അരിക്കൊമ്പനെ പിടികൂടുന്നതിന് പൂർണ്ണ പിന്തുണയാണ് നൽകിയത്. കോടതിയിൽ കക്ഷി ചേർന്ന് സർക്കാർ നടപടിയെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ സർക്കാർ അഭിഭാഷകന്റെ വാദം ദുർബലമായപ്പോൾ വിദഗ്ധ സമിതിയെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. വിദഗ്ധ സമിതിയിൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ഉൾപ്പടെ യുണ്ടായിരുന്നിട്ടും സർക്കാർ നിലപാടിനൊപ്പം അവരെ കൊണ്ടുവരാൻ സാധിച്ചില്ല. തുടർന്ന് സുപ്രീം കോടതിയിൽ പോയതും മണ്ടത്തരമായി. ചുരുക്കത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതയുളള സർക്കാരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും ആദ്യ അവസാനം വച്ചുപുലർത്തുന്ന അഴകൊഴമ്പൻ നയവും , ഉദാസീനതയുമാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. തുടർ നടപടികൾ വേഗത്തിലാക്കി അരിക്കൊമ്പനെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് MP പറഞ്ഞു…