അരിക്കൊമ്പൻ ഇന്നലെ 200 മീറ്റര്‍ മാത്രമാണ് സഞ്ചരിച്ചതെന്നു കേരള വനം വകുപ്പ്


തിരുവനന്തപുരം ∙ തിരുനെല്‍വേലി കോതയാര്‍ ഡാമിന്റെ പരിസരത്തു നിന്ന് 200 മീറ്റര്‍ മാത്രമാണ് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചതെന്നു കേരള വനം വകുപ്പ്. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഇന്നലെ ഉച്ചയ്ക്ക് പെരിയാര്‍ കടുവ സങ്കേതത്തില്‍ ലഭിച്ചതില്‍ നിന്നാണ് സഞ്ചാരപഥം വ്യക്തമായത്. കേരള അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണ് ആനയുള്ളത്. നെയ്യാര്‍ വനമേഖലയില്‍ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നുള്ള ആന്റിന ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചു.
ഇത് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡനു കൈമാറും. തിരുനെല്‍വേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് കോതയാര്‍ ഡാം. മേഘമലയിലും കമ്ബത്തും അരിക്കൊമ്ബൻ ഭീതിപരത്തിയപ്പോള്‍ ആന്റിനയുടെ സഹായത്തോടെയാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടാൻ അടിയന്തര നടപടി സ്വീകരിച്ചത്. ഒരു ആന്റിന മുണ്ടൻതുറൈ സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനു കൈമാറാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം.